ശബരിമല : പുനഃപരിശോധനാ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

Jaihind Webdesk
Tuesday, November 13, 2018

Sabarimala-Supreme-Court

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള അഞ്ചംഗ ഭരണഘടനാബഞ്ചിന്‍റെ വിധിയ്ക്കെതിരെ നല്‍കിയ പുനഃപരിശോധനാ ഹര്‍ജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വിധിയ്ക്കെതിരെ നല്‍കിയ മൂന്ന് റിട്ട് ഹര്‍ജികള്‍ പരിഗണിയ്ക്കുന്ന അതേ ദിവസം തന്നെയാണ് പുനഃപരിശോധനാ ഹര്‍ജികളും സുപ്രീംകോടതി പരിഗണിയ്ക്കുന്നത്.

വൈകിട്ട് മൂന്ന് മണിയ്ക്ക് ചേംബറിലാണ് പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുക. 48 ഹര്‍ജികളാണ് ഇതുവരെ സുപ്രീംകോടതിയില്‍ എത്തിയത്.

ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗഭരണഘടനാ ബഞ്ചാണ് നേരത്തെ ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച്‌ വിധി പറഞ്ഞത്. ബഞ്ചിലെ ഏക വനിതാ അംഗമായിരുന്ന ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമാണ് കോടതിയുടെ ഇടപെടലിനെതിരെ വിധി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയ്ക്ക് പകരം നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ബഞ്ചിന് അധ്യക്ഷത വഹിയ്ക്കും.

4 റിട്ട് ഹര്‍ജികളാണ് ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. അയ്യപ്പവിശ്വാസികളുടെ മൗലികാവകാശം കണക്കിലെടുത്ത് ആരാധനാസ്വാതന്ത്ര്യവും വിശ്വാസം സംരക്ഷിയ്ക്കാനുള്ള സ്വാതന്ത്ര്യവും സംരക്ഷിച്ചു കിട്ടണമെന്നാണ് റിട്ട് ഹര്‍ജികളിലെ ആവശ്യം. റിട്ട് ഹർജികളിലെ വാദം രാവിലെ തുറന്ന കോടതിയിലായിരിക്കും.