കേരള കലാമണ്ഡലത്തിൽ റിട്ടയേർഡ് അധ്യാപകർ അനിശ്ചിതകാല സമരത്തിൽ; യു.ജി.സിയുടെ ആറാം പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യം

Jaihind News Bureau
Friday, January 17, 2020

കേരള കലാമണ്ഡലത്തിൽ യു.ജി.സിയുടെ ആറാം പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് റിട്ടയേർഡ് അധ്യാപകർ അനിശ്ചിതകാല സമരത്തിൽ. രണ്ട് വർഷമായി ഇത് സംബന്ധിച്ച ഫയലുകൾ ധനം വകുപ്പിൽ കെട്ടിക്കിടക്കുകയാണ്.

കലയിലൂടെ വിസ്മയം തീർക്കുന്ന കലാകാരന്മാർ നീതിക്കായി തെരുവിലിറങ്ങേണ്ട സാഹചര്യമാണ് നിലവിൽ. നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് ഇവർ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. സംസ്ഥാനത്തെ മറ്റ് യൂണിവേഴ്‌സിറ്റികളിൽ ലഭിക്കുന്ന ആനുകൂല്യങ്ങളിൽ ഒന്നു പോലും ഇവർക്ക് ലഭിക്കുന്നില്ല. നിലവിൽ ഏഴാം ശമ്പള പരിഷ്‌കരണങ്ങൾ സർക്കാർ നടപ്പിലാക്കി. എന്നാൽ കേരള കലാമണ്ഡലത്തെ മാത്രം ഒഴിവാക്കി ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയതിൽ യാതൊരു വിശദീകരണവും സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായില്ല. ഈ സാഹചര്യത്തിലാണ് 6-ാം ശമ്പള പരിഷ്‌കരണമെങ്കിലും നടപ്പിലാക്കണമെന്ന ആവശ്യം സർക്കാരിന് മുന്നിൽ ഇവർ വെക്കുന്നത്.

ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയേയും ധനമന്ത്രിയേയും, സാംസ്‌കാരിക മന്ത്രിയേയും പലതവണ നേരിൽ കാണുകയും നിവേദനം നൽകുകയും ചെയ്തു. എന്നാൽ ഉടൻ പരിഹരിക്കാമെന്ന വാക്ക് മാത്രമാണ് നൽകിയത്. ഇപ്പോഴും ആ ഫയൽ സെക്രട്ടറിയേറ്റിൽ ചുവപ്പ് നാടയിൽ കുടുങ്ങി കിടക്കുന്നു.

ഓരോ ഫയലും ഓരോ ജീവനുകളാണെന്ന് പറഞ്ഞ മുഖ്യമന്ത്രി തന്നെയാണ് ഇതിന് മുന്നിൽ മുഖം തിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.

https://www.youtube.com/watch?v=jRRYs3tSU9c