സമൂഹ മാധ്യമങ്ങളുടെ പ്രവർത്തന വ്യവസ്ഥകൾ കർശനമാക്കും

Jaihind Webdesk
Thursday, December 27, 2018

Social-Media

സമൂഹ മാധ്യമങ്ങൾക്കുള്ള പ്രവർത്തന വ്യവസ്ഥകൾ കർശനമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. അഭ്യൂഹങ്ങൾ പ്രചരിപ്പിച്ച് ആൾക്കൂട്ടക്കൊലയ്ക്കും അപകീർത്തിപ്പെടുത്തലിനും വഴിവയ്ക്കുന്നതു തടയണമെന്ന സുപ്രീംകോടതി നിർദേശമാണ് മാർഗരേഖ ഭേദഗതി ചെയ്യുന്നതിനു കാരണമായി സർക്കാർ ചൂണ്ടിക്കാട്ടുന്നത്.

സന്ദേശങ്ങളുടെ ഉറവിടം വ്യക്തമാക്കാൻ വാട്സാപ് പോലുള്ള മാധ്യമങ്ങളെ ബാധ്യസ്ഥരാക്കുന്നതാണ് കരട് മാർഗരേഖ. 50 ലക്ഷത്തിലധികം പേർ ഉപയോഗിക്കുന്നതോ, സർക്കാർ നിർദേശിക്കുന്നതോ ആയ സമൂഹ മാധ്യമങ്ങൾ ഇന്ത്യയിൽ കമ്പനിയായി റജിസ്റ്റർ ചെയ്യണം.

സർക്കാരുമായി ഇടപെടാൻ മുഴുവൻ സമയ ഉദ്യോഗസ്ഥ സംവിധാനം വേണം. രാജ്യസുരക്ഷ, സൈബർ സുരക്ഷ വിഷയങ്ങളിൽ അന്വേഷണ ഏജൻസികൾ ആവശ്യപ്പെടുന്ന വിവരം 72 മണിക്കൂറിനകം ലഭ്യമാക്കണം. പ്രവർത്തന വ്യവസ്ഥകൾ മാസത്തിലൊരിക്കലെങ്കിലും ഉപയോക്താക്കളെ അറിയിക്കണം.
നിയമലംഘന സ്വഭാവമുള്ള ഉള്ളടക്കം തടയാൻ കോടതിയുടെയോ സർക്കാരിന്റെയോ നിർദേശമുണ്ടായാൽ 24 മണിക്കൂറിനകം നടപടിയെടുക്കണം. ബന്ധപ്പെട്ട തെളിവുകൾ 180 ദിവസം സൂക്ഷിക്കണം.

പൊതുജനാരോഗ്യത്തെ ബാധിക്കുന്നതോ പുകയില, ലഹരി തുടങ്ങിയവ പ്രോൽസാഹിപ്പിക്കുന്നതോ ആയ വിവരങ്ങൾ കൈമാറപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം തുടങ്ങിയവയാണ് പ്രധാന മാർഗനിർദേശങ്ങൾ. നിലവിലെ മാർഗരേഖ പരിഷ്കരിക്കുന്നതിനുള്ള കരട്, അഭിപ്രായ രൂപീകരണത്തിനായി ഐടി മന്ത്രാലയത്തിന്‍റെ വെബ്സൈറ്റിൽ സർക്കാർ പരസ്യപ്പെടുത്തിയിട്ടുണ്ട്