കെ സുരേന്ദ്രനെതിരെ ഗുരുതര ആരോപണവുമായി രശ്മി നായര്‍

Jaihind Webdesk
Friday, October 19, 2018

ശബരിമലയിൽ ദർശനത്തിനെത്തിയ രഹ്ന ഫാത്തിമ ബി.ജെ.പി നേതാവ് കെ സുരേന്ദ്രനുമായി പലതവണ കൂടിക്കാഴ്ച നടത്തിയെന്ന് രശ്മി നായർ. മംഗലാപുരത്തുവെച്ചായിരുന്നു കൂടിക്കാഴ്ചയെന്നും ഇതേപ്പറ്റി സർക്കാർ അന്വേഷണം നടത്തണമെന്നുമാണ് അവർ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടത്.

സന്നിധാനത്തെ നടപ്പന്തലിലെത്തിയ കേന്ദ്രസർക്കാർ ജീവനക്കാരിയായ രഹ്ന ഫാത്തിമ പലതവണ ബി.ജെ.പി നേതാവ് കെ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവരമാണ് രശ്മി നായർ പുറത്തുവിട്ടിട്ടുള്ളത്. ശബരിമല വിഷയത്തിൽ ഒരു വർഗീയ കലാപം സൃഷ്ടിക്കുവാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് അവരുടെ ഫോട്ടോ മുതൽ മലകയറ്റം വരെയുള്ള സംഭവങ്ങൾ.

അയ്യപ്പഭക്തരെ മുസ്ലീങ്ങൾ വെട്ടിപ്പരിക്കേൽപ്പിക്കുന്നുവെന്ന വാർത്ത സംഘപരിവാർ അനുകൂല ചാനലിലൂടെ പുറത്തു വന്നതും ഇതിനൊപ്പം ചേർത്തു വായിക്കണമെന്നും അവർ കുറിപ്പിൽ പറയുന്നു. കെ സുരേന്ദ്രനുമായി രഹ്ന ഫാത്തിമ നടത്തിയ കൂടിക്കാഴ്ചയെപ്പറ്റി അന്വേഷിക്കാൻ സർക്കാർ തയാറാകണമെന്നും അവർ ആവശ്യപ്പെട്ടു. രശ്മിയുടെ വെളിപ്പെടുത്തൽ സ്ഥിരികരിക്കാൻ അവരുമായി ബന്ധപ്പെടാൻ ജയ്ഹിന്ദ് ന്യൂസ് ശ്രമിച്ചെങ്കിലും അവർ പ്രതികരിക്കാൻ തയാറായില്ല. രണ്ടായിരത്തിൽപരം പേർ രശ്മിയുടെ കുറിപ്പിനെ അനുകൂലിച്ച് രംഗത്ത് വന്നിട്ടുണ്ട്.

എന്നാൽ താനും രഹ്ന ഫാത്തിമയും തമ്മിൽ ബന്ധമില്ലെന്ന് വ്യക്തമാക്കി കെ സുരേന്ദ്രൻ രംഗത്ത് വന്നു. ഇത്തരത്തിലുള്ള ആരോപണം തെറ്റാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ഇതിനിടെ സെപ്റ്റംബർ രണ്ടിന് കെ സുരേന്ദ്രൻ ശബരിമലയിലെ ആചാരകാര്യങ്ങൾ സംബന്ധിച്ച് ഫേയ്‌സ്ബുക്കിലിട്ട കുറിപ്പിന്‍റെ സ്‌ക്രീൻ ഷോട്ടും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ കുറിപ്പ് കെ സുരേന്ദ്രന്‍റെ മുഖപേജിൽ ഇപ്പോൾ ലഭ്യമല്ല. സ്‌ക്രീൻഷോട്ട് കൃത്യമാണോ എന്നത് സംബന്ധിച്ചും കൂടുതൽ പരിശോധന നടത്തിയിട്ടില്ല.