ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യക്കാരെ അടിയന്തരമായി രാജ്യത്തെത്തിക്കണം; പ്രധാനമന്ത്രിക്ക് ടി.എന്‍ പ്രതാപന്‍ എം.പി കത്ത് നൽകി

Jaihind News Bureau
Thursday, April 9, 2020

ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യക്കാരെ അടിയന്തരമായി രാജ്യത്തെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും സഹമന്ത്രിക്കും ടി.എന്‍ പ്രതാപന്‍ എം.പി കത്ത് നൽകി. പ്രധാനമന്ത്രി ഈ വിഷയത്തിൽ അനുകൂലമായ  നടപടി സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും  ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് പ്രവാസികളോട് നന്ദി കാണിക്കാൻ കഴിയുകയെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

യൂറോപ്പിലും ഏഷ്യയുടെ തെക്കുകിഴക്കൻ ഭാഗങ്ങളിലും അമേരിക്കൻ വൻകരകളിലുമെല്ലാം നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്നവരുണ്ട്. അവിടുത്തെ ഭരണാധികാരികളുമായി നയതന്ത്രപരമായ ഇടപെടലുകൾ നടത്താനും കേന്ദ്രസർക്കാർ മുതിരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ടി.എന്‍ പ്രതാപന്‍റെ ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യക്കാരെ അടിയന്തിരമായി രാജ്യത്തെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും സഹമന്ത്രിക്കും കത്ത് നൽകി.

ഇന്നലെ ഖത്തറിൽ നിന്നും അബുദാബിയിൽ നിന്നുമൊക്കെ പലരും വിളിച്ചു. വലിയ സങ്കടത്തോടെയാണ് എല്ലാവരും സംസാരിക്കുന്നത്. ഇങ്ങനെയൊരു ഘട്ടത്തിൽ സ്വന്തം മണ്ണിൽ കഴിയാൻ കൊതിയുണ്ടെന്ന് പറയുന്നു ചിലർ. പലരും സംസാരം മുഴുവനാക്കാനാവാതെ വിതുമ്പുന്നുണ്ടായിരുന്നു. അവിടെ പലയിടങ്ങളിലും കോവിഡ് 19 പോസിറ്റിവായവരെ ഹോസ്പിറ്റലിലേക്ക് മാറ്റുന്നില്ലത്രെ. ഒരാൾക്ക് വന്നാൽ കൂടെയുള്ളവർ കൂടി നരകിക്കേണ്ട സ്ഥിതിയാണ്. കുറച്ചുകൂടി കഴിഞ്ഞാൽ, സ്ഥിതി ഒരുപക്ഷെ ഇനിയും വഷളായാൽ വിദേശികളോടുള്ള സമീപനം മാറിയെന്നും വരാം. ഇന്ത്യ അന്താരാഷ്ട്ര ടെർമിനലുകൾ തുറന്നാൽ ഇന്ത്യക്കാരെ നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്ന് പല രാജ്യങ്ങളും പറയുന്നുണ്ടെന്നും ചിലർ ചൂണ്ടിക്കാണിച്ചു. അങ്ങനെയെങ്കിൽ നാട്ടിലേക്ക് വരണം എന്നാഗ്രഹിക്കുന്ന പ്രവാസികളെ എത്ര ബുദ്ധിമുട്ടിയാണെങ്കിലും കൊണ്ടുവരണം.

വുഹാനിൽ നിന്ന് വിദ്യാർത്ഥികൾ അടക്കമുള്ള സംഘത്തെ ഇന്ത്യയിൽ എത്തിച്ചപ്പോൾ ചെയ്തതുപോലെ പ്രത്യേക കോറന്റിൻ, ഐസൊലേഷൻ സംവിധാനങ്ങൾ തയ്യാറാക്കുകയും മറ്റു മുൻകരുതലുകൾ എടുക്കുകയുമാവാം. എന്തുതന്നെയായാലും അവരുടെ സങ്കടം നമ്മൾ എങ്ങനെയെങ്കിലും പരിഹരിക്കാൻ പറ്റുമോന്ന് നോക്കണം. പ്രവാസികൾ രാജ്യത്തിന് നൽകിയ സംഭാവനകൾക്ക് തിരിച്ചെന്തെങ്കിലും ചെയ്യാനുള്ള സന്ദർഭമായെങ്കിലും ഇതിനെ കാണണം.

കൂടെയുള്ളവരെ കൈവിടരുതെന്ന് കരുതി, രാഷ്ട്രീയം മാറ്റിവെച്ച് പൊരുതുന്നതിനാലാണ് ഈ പോരാട്ടത്തിൽ കേരളം മാതൃകയാവുന്നത്. കേരളത്തിൽ നിന്നുള്ള പാര്ലമെന്റ് അംഗമെന്ന നിലക്ക് പ്രവാസികളുടെ വിഷമം ഒരു നിസാര കാര്യമല്ല. അവരാണ് ഇവിടുത്തെ അനേകായിരങ്ങൾക്ക് കഞ്ഞികുടിക്കാനും അക്ഷരം പഠിക്കാനുമുള്ള കാരണം. അവരാണ് ഞങ്ങളുടെ നെടുന്തൂൺ. അവരുടെ കരച്ചില് കേട്ടിട്ട് ഞങ്ങൾക്ക് ഉറങ്ങാൻ കഴിയില്ല. എല്ലാത്തിലുമുപരി അവർ ഇന്ത്യക്കാരാണ്. നമ്മുടെ നാട്ടുകാരാണ്. ആപൽഘട്ടത്തിൽ സ്വന്തം വീട്ടിലേക്ക് വരണമെന്ന് ആഗ്രഹിക്കാത്തവർ ആരാണ്?

പ്രധാനമന്ത്രി ഈ വിഷയത്തിൽ അനുകൂലമായ ഒരു നടപടി സ്വീകരിക്കുമെന്ന് വിശ്വസിക്കുകയാണ്. ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് നമുക്ക് നമ്മുടെ പ്രവാസികളോട് നന്ദി കാണിക്കാൻ കഴിയുക. ഇതുപോലെ യൂറോപ്പിലും ഏഷ്യയുടെ തെക്കുകിഴക്കൻ ഭാഗങ്ങളിലും അമേരിക്കൻ വൻകരകളിലുമെല്ലാം നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്നവരുണ്ട്. അവിടുത്തെ ഭരണാധികാരികളുമായി നയതന്ത്രപരമായ ഇടപെടലുകൾ നടത്താനും കേന്ദ്രസർക്കാർ മുതിരണം.