റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ ‘നവോത്ഥാനം’ ഇല്ല; ഫ്‌ളോട്ടിന് കേന്ദ്രം അനുമതി നിഷേധിച്ചു

Jaihind Webdesk
Wednesday, January 23, 2019

ന്യൂഡല്‍ഹി: എഴുപതാമത് റിപ്പബ്ലിക്ക് ദിന പരേഡില്‍ കേരളത്തിന്റെ ഫ്‌ളോട്ടിന് കേന്ദ്രം അനുമതി നിഷേധിച്ചു. നവോത്ഥാനം ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ച നിശ്ചലദൃശ്യാ അവതരണത്തിനാണ് പ്രതിരോധമന്ത്രാലയം അനുമതി നിഷേധിച്ചത്. ആദ്യ പട്ടികയില്‍ കേരളം ഇടം നേടിയിരുന്നെങ്കിലും അവസാന ഘട്ട തെരെഞ്ഞടുപ്പില്‍ കേരളത്തിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു.

പതിനാറ് സംസ്ഥാനങ്ങളാണ് ഇത്തവണ റിപ്പബ്ലിക്ക് പരേഡില്‍ പങ്കെടുക്കുന്നത്. മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായ പ്രത്യേക നിശ്ചലദൃശ്യങ്ങളും പരേഡിലുണ്ടാകും. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യം പ്രകടമാക്കുന്ന ഇരുപത്തിരണ്ട് നിശ്ചലദൃശ്യങ്ങള്‍ ദില്ലി കണ്ടോണ്‍മെന്റ് ഒരുങ്ങിക്കഴിഞ്ഞു.
വൈക്കം സത്യാഗ്രഹവും ക്ഷേത്രപ്രവേശനവുമുള്‍പ്പെടെയുള്ള നവോത്ഥാന ചരിത്ര സംഭവങ്ങള്‍ അടിസ്ഥാനമാക്കിയ ഫ്‌ലോട്ടാണ് ഇത്തവണ സംസ്ഥാനം അവതരിപ്പിക്കാനിരുന്നത്. ശബരിമല വിഷയത്തില്‍ ‘നവോത്ഥാനം’ പ്രധാന വിഷയമാക്കി കേരള സര്‍ക്കാരും സിപിഎമ്മും പ്രചാരണം നടത്തുന്നതിനിടെയാണ് വൈക്കം സത്യാഗ്രഹവും ക്ഷേത്രപ്രവേശവും പശ്ചാത്തലമാക്കിയുളള ഫ്‌ലോട്ടിന് അനുമതി കേരളം തേടിയത്.

2014ല്‍ കേരളത്തിന് മികച്ച ഫ്ളോട്ടിനുള്ള സ്വര്‍ണ മെഡല്‍ ലഭിച്ചിരുന്നു. 2015ലും 2016ലും കേരളത്തിന്‍രെ ഫ്ളോട്ടുകള്‍ തിരഞ്ഞെടുക്കപ്പെട്ടില്ല. കഴിഞ്ഞ തവണ അഞ്ചാം സ്ഥാനമാണ് നേടിയത്.