‘ഭരണഘടന സംരക്ഷിക്കേണ്ടത് ഓരോ പൗരന്‍റെയും കടമ’ : റിപ്പബ്ലിക് ദിന സന്ദേശത്തില്‍ സോണിയാ ഗാന്ധി

Jaihind News Bureau
Saturday, January 25, 2020

ന്യൂഡല്‍ഹി : റിപ്പബ്ലിക് ദിനത്തിൽ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ആശംസകൾ നേർന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. രാജ്യത്തിന്‍റെ സമസ്ത മേഖലകളും തകരുമ്പോഴും എതിർ സ്വരങ്ങൾ അടിച്ചമർത്താനാണ് സർക്കാർ ശ്രമം. രാജ്യത്തിന്‍റെ ഭരണഘടനയെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന ഈ സമയത്ത്‌ ഭരണഘടന സംരക്ഷിക്കേണ്ടത് ഓരോ പൗരന്‍റെയും കടമയാണ് എന്നും കോണ്‍ഗ്രസ് അധ്യക്ഷ  സന്ദേശത്തില്‍ പറഞ്ഞു.

രാജ്യം എഴുപത്തൊന്നാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ ജനങ്ങള്‍ക്ക് ആശംസകള്‍ നേരുകയും ഒപ്പം രാജ്യത്തിന്‍റെ അവസ്ഥയില്‍ ആശങ്ക അറിയിക്കുകയുമാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. രാജ്യത്തെ പൌരന് നീതി, സമത്വം, സ്വാതന്ത്ര്യം, മതേതരത്വം, സാഹോദര്യം ഇവ ഉറപ്പ് നല്‍കുന്നതാണ് നമ്മുടെ ഭരണഘടന. എന്നാല്‍ ഭരണഘടനയെ തകർക്കാനുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നത്. ഈ അവസരത്തില്‍ ഭരണഘടനയെ സംരക്ഷിക്കേണ്ടത് ഓരോ പൌരന്‍റേയും കടമയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ റിപ്പബ്ലിക് ദിന സന്ദേശത്തിലൂടെ ഓർമിപ്പിച്ചു.

കേന്ദ്ര സർക്കാരിന്‍റെ നയങ്ങള്‍ രാജ്യത്തിന്‍റെ സമസ്ത മേഖലയെയും തകർക്കുന്നതാണ്. രാജ്യത്തെ കർഷകർ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. തൊഴിലില്ലായ്മ എക്കാലത്തെയും ഉർന്ന നിരക്കില്‍ തുടരുന്നു. സാമ്പത്തികരംഗം തകർന്ന് തരിപ്പണമായി. ഈ അവസരത്തിലും എതിർസ്വരങ്ങളെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ഭരണ പരാജയം മറയ്ക്കാന്‍ സർക്കാർ മതം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരണഘടനയെ ദുർബലപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും സോണിയാ ഗാന്ധി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.