കൊവിഡ് നിയന്ത്രണങ്ങളോടെ രാജ്യം ഇന്ന് 72-ആമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ

Jaihind News Bureau
Tuesday, January 26, 2021

ഓരോ ഭാരതീയനും അഭിമാനം കൊണ്ടും , രാജ്യസ്‌നേഹം കൊണ്ടും നിറയുന്ന ദിനമാണ് ജനുവരി 26. ഇന്ന് രാജ്യം 72-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ബ്രിട്ടീഷുകാരുടെ ഭരണത്തിൽ നിന്നും സ്വാതന്ത്ര്യം നേടി സ്വന്തമായി ഭരണഘടന നിലവിൽ വന്ന ദിവസമാണ് ജനുവരി 26. ഈ
ദിനത്തിന് പ്രത്യേകതകളേറെയാണ്.

ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവിൽ വന്നത് 1950 ജനുവരി 26 നാണ്. അതിനു മുൻപ് 1930 ജനുവരി 26 ആണ് ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം അല്ലെങ്കിൽ പൂർണ സ്വരാജ് ദിനമായി ആഘോഷിച്ചിരുന്നു. സമ്പൂർണ്ണ സ്വാതന്ത്ര്യത്തിനായി പോരാടാൻ ഇന്ത്യ തീരുമാനിച്ച ദിവസമാണിത്.
1947 ഓഗസ്റ്റ് 15 ന് രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷം, ജനുവരി 26 ചരിത്രത്തിലും ഓർമ്മിക്കപ്പെടണമെന്ന് നേതാക്കൾ ആഗ്രഹിച്ചു. അതിനാൽ, സ്വരാജ് ദിനത്തോടനുബന്ധിച്ചാണ് ഈ ദിവസം ആഘോഷിക്കുന്നത്. 1947 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യം ലഭിച്ച ശേഷം മൂന്നു വർഷങ്ങൾ കഴിഞ്ഞാണ് രാജ്യം ആദ്യത്തെ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്.

സാധാരണയായി മൂന്നു ദിവസത്തെ ആഘോഷങ്ങളാണ് റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായുള്ളത്, ബീറ്റിങ് റിട്രീറ്റ് സെറിമണിയോടു കൂടി ജനുവരി 29 നാണ് ആഘോഷം അവസാനിക്കുന്നത്. റിപ്പബ്ലിക് ദിന പരേഡ് ആദ്യമായി നടക്കുന്നത് 1955 ലെ ആഘോഷത്തിലാണ്. മറ്റൊരു റിപ്പബ്ലിക് ദിനത്തിലാണ് ഇന്ത്യൻ വ്യോമസേന ഒരു സ്വതന്ത്ര സ്ഥാപനമായി നിലവിൽ വന്നത്. ഇതിനുമുമ്പ്, വ്യോമസേന ഒരു നിയന്ത്രിത സ്ഥാപനമായിരുന്നു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കീർത്തി ചക്രം, പത്മ അവാർഡുകൾ, ഭാരത് രത്ന തുടങ്ങിയ അവാർഡുകൾ പ്രഖ്യാപിക്കുന്നു. റിപ്പബ്ലിക് ദിനത്തിലാണ് ഈ അവാർഡുകൾ നൽകുക. റിപ്പബ്ലിക് ദിന പരേഡിൽ, 1950 മുതൽ എല്ലാ വർഷവും ജനുവരി 29 ന് വിജയ് ചൗക്കിൽ നടക്കുന്ന ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിന്‍റെ സമാപന ഭാഗമായി ‘അബൈഡ് വിത്ത് മി’ എന്ന ക്രിസ്ത്യൻ ഗാനം ആലപിക്കുന്നു.

മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട ഗാനമായിരുന്നു. എല്ലാ വർഷവും ഏതെങ്കിലും രാജ്യത്തിന്‍റെ ഭരണാധികാരി ജനുവരി 26 ലെ പരേഡിന് അതിഥിയായി ക്ഷണിക്കപ്പെടുന്നു. അന്നേദിവസത്തെ പരിപാടികൾ രാഷ്ട്രപതിയുടെ വരവോടെയാണ് ആരംഭിക്കുക. ഒന്നാമതായി, രാഷ്ട്രപതിയുടെ അംഗരക്ഷകർ ദേശീയ പതാകയ്ക്ക് അഭിവാദ്യം അർപ്പിക്കുന്നു, ഈ സമയത്ത് ദേശീയഗാനം ആലപിക്കുകയും 21 ഗൺസ് സല്യൂട്ട് നൽകുകയും ചെയ്യുന്നു. ’25- പോണ്ടറുകൾ’ എന്നറിയപ്പെടുന്ന ഇന്ത്യൻ സൈന്യത്തിന്‍റെ 7- പീരങ്കികൾ 3 റൗണ്ടുകളായി വെടിവയ്പിനായി ഉപയോഗിക്കുന്നു. ഗൺസ് സല്യൂട്ട് ഫയറിംഗ് സമയം ദേശീയഗാനം ആലപിക്കുന്ന സമയവുമായി പൊരുത്തപ്പെടുന്നു എന്നതാണ് രസകരമായ വസ്തുത.

ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിവസമാണ് റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്. ആയതു കൊണ്ടുതന്നെ ഈ ദിനത്തിന്‍റെ മാഹാത്മ്യവും ഏറെയാണ്.