കെ.അച്യുതന്‍റെ അനുഗ്രഹം തേടി രമ്യ എത്തി; വാല്‍സല്യത്തില്‍ വിതുമ്പി വിജയാശംസകള്‍ നേര്‍ന്ന അച്ഛനെക്കുറിച്ചുള്ള മകന്‍റെ കുറിപ്പ് വൈറലാകുന്നു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.അച്യുതന്‍റെ അനുഗ്രഹം തേടി ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് ചിറ്റൂരില്‍ എത്തി. പുതുതലമുറക്കാരിയോടുള്ള വാല്‍സല്യത്തില്‍ വിതുമ്പി വിജയാശംസകള്‍ നേര്‍ന്ന അച്ഛനെക്കുറിച്ചുള്ള പാലക്കാട് ഡിസിസി വൈസ് പ്രസിഡന്‍റ് കൂടിയായ മകന്‍ സുമേഷ് അച്യുതന്‍റെ കുറിപ്പ് വൈറലാകുന്നു.

ചിറ്റൂർ ചാലക്കളത്തെ വീടിന് മുന്നിലായിരുന്നു വൈകാരിക രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ കുടുംബാംഗങ്ങള്‍ക്കും സ്ഥാനാര്‍ത്ഥിക്കൊപ്പം എത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കുമായത്. കണ്ടവർക്കെല്ലാം ആശ്ചര്യമുണ്ടാക്കി ആ നിമിഷങ്ങളായിരുന്നു അതെന്നും വീട്ടിൽ ആരും ഇതുവരെ കാണാത്തൊരച്ഛനെയായിരുന്നു അപ്പോള്‍ കണ്ടതെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. അച്ഛനെക്കുറിച്ച് സുമേഷ് ഫെയ്സ്ബുക്കില്‍ കുറിച്ചതിങ്ങനെ :

രാഷ്ട്രീയ കൊടുങ്കാറ്റിലും പേമാരിയിലും ജയപരാജയങ്ങളിലും ഉലയാത്ത വടവൃക്ഷമാണ് എന്‍റെ അച്ഛനെന്ന് ആയിരമായിരം അവസരങ്ങളിൽ എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അച്ഛന്‍റെ ജീവിതത്തിലെ ഉയർച്ചതാഴ്ച്ചകൾക്കൊപ്പം എന്നും താങ്ങായി നിന്ന എന്‍റെ അമ്മയുടെ ആകസ്മിക വിയോഗത്തിലും, അടുത്തടുത്തുണ്ടായ അച്ഛന്‍റെ സഹോദരങ്ങളുടെ വേർപാടിലും എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കി അച്ഛൻ ഞങ്ങളെയെല്ലാം ആശ്വസിപ്പിച്ചു. എന്നാൽ ഇന്ന് രാവിലെ ചാലക്കളം വീട്ടിൽ ഞങ്ങളാരും ഇതുവരെ കാണാത്തൊരച്ഛനെ കണ്ടു. വൈകാരികമായി വിതുമ്പി RAMYA HARIDASനെ അനുഗ്രഹിച്ചു നിൽക്കുന്ന അച്ഛനെ കണ്ടവർക്കെല്ലാം ആശ്ചര്യമുണ്ടാക്കി ആ നിമിഷങ്ങൾ. ആലത്തൂർ ലോക് സഭ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥിയായെത്തിയ രമ്യ തന്‍റെ പ്രചരണം തുടങ്ങിയത് അച്ഛന്‍റെ അനുഗ്രഹം വാങ്ങിയായിരുന്നു. ഓലപ്പുരയിൽ ജനിച്ചതും പിന്നീട് ഇന്ദിരാ ആവാസ് യോജനയിൽ വീടു വെച്ചതും കഠിനമായ ജീവിത സാഹചര്യത്തിലും സംഗീതവും നൃത്തവും ജീവിതത്തോട് ചേർത്തു വെച്ചതുമെല്ലാം രമ്യയിൽ നിന്നും അനിൽ അക്കരയിൽ നിന്നും അച്ഛൻ അറിഞ്ഞു.കൂലിപ്പണിക്കാരന്‍റെ മകൾ യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിലെത്തിയതും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റായതുമെല്ലാം അറബിക്കഥയെപ്പോലും വെല്ലുന്ന ഒന്നായിരുന്നു. ഉറച്ച വാക്കുകളും ദൃഢനിശ്ചയവും പോരാട്ട വീര്യവും രമ്യയുടെ രക്തത്തിൽ അലിഞ്ഞതാണ്. സാഹചര്യങ്ങളുടെ ഉലയിൽ ഊതിക്കാച്ചിയ സുഗന്ധം പരത്തുന്ന സ്വർണ്ണമാണ് രമ്യയെന്ന് അറിയെ അറിയെ അച്ഛന്‍റെ കണ്ണ് നിറഞ്ഞുവോ എന്ന് സംശയം തോന്നി. മകളുടെ വാൽസല്യത്തോടെ അച്ഛന്റെ അനുഗ്രഹം തേടി രമ്യ കാൽ തൊട്ടപ്പോൾ ആ കണ്ണുകൾ നിറഞ്ഞു കൈകൾ കൊണ്ടും മനസുകൊണ്ടും അനുഗ്രഹിച്ചു.അച്ഛന്‍റെ കൺപീലികൾ നനച്ച വാൽസല്യത്തിന്‍റെ തെളിനീരുകൾ സാക്ഷി നിർത്തി അവിടെ ഉണ്ടായിരുന്നവർ മനസ്സിൽ പ്രതിജ്ഞ ചെയ്തു രമ്യ ലോക്സഭയുടെ പച്ചപരവാതിനിയിലൂടെ നടന്ന് ആലത്തൂരിന്‍റെ വികസനത്തിനായ് ശബ്ദിക്കും. ഇന്നലെ വൈകീട്ട് ആലത്തൂർ പട്ടണം സാക്ഷ്യം വഹിച്ച Ramyaയുടെ പ്രചരണം അതിന് അടിവരയിടുന്നു.

Comments (0)
Add Comment