കോൺഗ്രസ് പ്രവർത്തകർക്കെതിരെയുള്ള തീവ്രവാദ പരാമർശം പിന്‍വലിച്ചു : പിശക് പറ്റിയതെന്ന് പൊലീസ്

Jaihind Webdesk
Thursday, December 16, 2021

ആലുവയിലെ നിയമ വിദ്യാർത്ഥിനി മോഫിയ പർവീൻ ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് സമരം നടത്തി അറസ്റ്റിലായ ആലുവയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ തീവ്രവാദ പരാമര്‍ശങ്ങള്‍ പൊലീസ് പിന്‍വലിച്ചു. കസ്റ്റഡി അപേക്ഷയിൽ പിശക് സംഭവിച്ചതാണെന്ന് കാട്ടി ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കി.പൊതുമുതല്‍ നശിപ്പിച്ചെന്ന കേസിലാണ് പ്രതികള്‍ക്ക് തീവ്രവാദ ബന്ധം സംശയിക്കുന്നുവെന്ന് പൊലീസ് ആദ്യം റിപ്പോര്‍ട്ട് നല്‍കിയത്.

യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ അല്‍ അമീന്‍ , അനസ്,നജീബ്എന്നിവര്‍ക്കെതിരെയായിരുന്നു പോലീസിൻ്റെ വിവാദ പരാമര്‍ശം.സംഭവത്തില്‍ രണ്ട് എസ്‌ഐമാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ആലുവ സ്റ്റേഷനിലെ എസ്.ഐമാരായ ആ‍ര്‍.വിനോദ്, രാജേഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. പൊലിസ് നടപടിക്കെതിരെ ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.