സിഒടി നസീറിന് നേരെ വധശ്രമം നടന്നിട്ട് അമ്പത് ദിവസമായിട്ടും മുഴുവൻ പ്രതികളെയും പിടികൂടാനാവാതെ പോലീസ്. ഇതുവരെ ഒമ്പത് പ്രതികളാണ് അറസ്റ്റിലായത്. ഇനിയും രണ്ട് പ്രതികൾ കൂടി അറസ്റ്റിലാകാനുണ്ട്. സി.ഒ.ടി.നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ എ.എൻ.ഷംസീർ എം.എൽ.എ.യുടെ മൊഴിയെടുക്കൽ വൈകുന്നു. മൊഴിയെടുക്കൽ അടുത്താഴ്ച ഉണ്ടായേക്കും.
നിയമസഭാസമ്മേളനം നടക്കുന്നതിനാലാണ് എ.എൻ ഷംസീർ എംഎൽഎ യുടെ മൊഴിയെടുക്കൽ നീണ്ടതെന്നാണ് പോലീസ് പറയുന്നത്. സഭാസമ്മേളനം കഴിഞ്ഞ ദിവസം സമാപിച്ചതോടെയാണ് മൊഴിയെടുക്കലിലേക്ക് പോലീസ് നീങ്ങുന്നത്. ഷംസീറിനെ ഇതിനായി നോട്ടീസ് നൽകി വിളിച്ചുവരുത്തുകയോ അദ്ദേഹത്തിന് അനുയോജ്യമായ സ്ഥലത്ത് അന്വേഷണസംഘം എത്തി മൊഴി രേഖപ്പെടുത്തുകയോ ചെയ്യുമെന്നാണ് സൂചന. മാധ്യമ ശ്രദ്ധ പതിയാതെ അതീവ രഹസ്യമായി മൊഴി എടുക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.
തന്നെ വധിക്കാനുള്ള ഗൂഢാലോചനയിൽ ഷംസീറിന് പങ്കുണ്ടെന്ന് നസീർ മൊഴി നൽകിയിരുന്നു. എം.എൽ.എ.ഓഫീസിൽ വെച്ച് ഷംസീർ തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും നസീറിന്‍റെ മൊഴിയില്‍ പറയുന്നു. മാത്രമല്ല,ഗൂഢാലോചനയുടെ സൂത്രധാരനായ സി.പി.എം.ബ്രാഞ്ച് സെക്രട്ടറി രാഗേഷ് ഷംസീറിന്‍റെ അടുത്ത അനുയായിയാണ്. ഷംസീർ എംഎൽഎ ഉപയോഗിക്കുന്ന കാറിലാണ് ഗുഢാലോചന നടന്നതെന്ന് പൊട്ടി സന്തോഷ് മൊഴി നൽകിയിരുന്നു. ഇതിന്‍റെയെല്ലാം അടിസ്ഥാനത്തിലാണ് ഷംസീറിന്‍റെ മൊഴിയെടുക്കൽ പോലീസിന് അനിവാര്യമായത്.
ഗൂഢാലോചനാ അന്വേഷണം തൃപ്തികരമല്ലെങ്കിൽ സി.ബി.ഐ.അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് നസീറിന്‍റെ നിലപാട്. അതുകൊണ്ടുതന്നെ ഷംസീറിന്‍റെ മൊഴിയെടുക്കാതെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാകാത്ത അവസ്ഥയിലാണ് പോലീസ്. അതേ സമയം നസീറിനെ അക്രമിക്കാനുള്ള ഗൂഡാലോചന നടന്ന കാറിന്‍റെ ഉടമയായ എ എൻ ഷംസീർ എംഎൽഎയുടെ സഹോദരൻ എ.എൻ.ഷാഹിറിനെ ചോദ്യം ചെയ്യാനൊ കാർ കസ്റ്റഡിയിൽ എടുക്കാനൊ അന്വേഷണ സംഘം ഇതുവരെയും തയ്യാറായിട്ടില്ല. അക്രമത്തിൽ പങ്കുള്ള രണ്ട് പ്രതികളെ കണ്ടെത്താനും അന്വേഷണ സംഘത്തിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. അക്രമികൾക്കും ഗൂഢാലോചന നടത്തിയവർക്കും സഹായം നൽകിയവരയൊണ് ഇനിയും കസ്റ്റഡിയിലെടുക്കാൻ ബാക്കിയുള്ളത്.