കൊറോണക്കാലത്തെ കോപ്രായം; രജിത് കുമാര്‍ പൊലീസ് കസ്റ്റഡിയില്‍

Jaihind News Bureau
Tuesday, March 17, 2020

തിരുവനന്തപുരം : റിയാലിറ്റി ഷോ താരം രജിത് കുമാർ പൊലീസ് കസ്റ്റഡിയില്‍. കൊറോണ ജാഗ്രത നിലനില്‍ക്കെ സർക്കാര്‍ നിർദേശങ്ങള്‍ ലംഘിച്ച് പൊതുസമൂഹത്തിന് ഭീഷണിയാകുന്ന തരത്തില്‍ സ്വീകരണമൊരുക്കിയ സംഭവത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ ഒന്നാം പ്രതിയാണ് രജിത് കുമാര്‍. ആറ്റിങ്ങലിലെ വീട്ടില്‍ നിന്നാണ് രജിത് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

റിയാലിറ്റി ഷോയില്‍ നിന്ന് പുറത്തായി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയപ്പോള്‍ രജിത് കുമാറിന്  വരവേല്‍ക്കാന്‍ വലിയ ജനക്കൂട്ടമാണ്  നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചേർന്നത്. സംഭവം വലിയ വിമർശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കൊറോണ ഭീഷണി ഒഴിവാക്കാന്‍ കർശന നടപടികള്‍ സ്വീകരിക്കുന്നതിനിടെയാണ് പൊതുസമൂഹത്തിന് ഭീഷണിയാകുന്ന തരത്തില്‍ തീർത്തും നിരുത്തരവാദിത്വപരമായ നടപടി ഉണ്ടായത്. കേസില്‍ രജിത് കുമാറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. ആഘോഷത്തിന് നേതൃത്വം നല്കിയ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെ രജിത് കുമാർ ഒളിവില്‍ പോയതായും വാർത്തകള്‍ വന്നു.

ഞായറാഴ്ച രാത്രി ഒമ്പത് മണിക്കാണ് രജിത് കുമാര്‍ കൊച്ചി വിമാനത്താവളത്തിലെത്തിയത്. കൊറോണ നിയന്ത്രണങ്ങളെല്ലാം മറികടന്ന് ഇയാളെ സ്വീകരിക്കാന്‍ വലിയ ആള്‍ക്കൂട്ടം എത്തിയത് ഗുരുതര വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. സമൂഹത്തോടുള്ള ഉത്തരവാദിത്വം മറന്നുകൊണ്ടുള്ള പ്രവൃത്തിയാണ് ഇവരുടെ ഭാഗത്തുനിന്നുണ്ടായത്. വലിയ ഒരു  ഭീഷണിയെ നേരിടാന്‍ എല്ലാവരും ഒരേമനസോടെ നിലകൊള്ളുന്ന സമയത്തുണ്ടായ നിരുത്തരവാദപരമായ നടപടിക്കെതിരെ പരാതികളുയർന്നിരുന്നു. സംസ്ഥാനത്തിന് തന്നെ അവമതിപ്പുണ്ടാക്കുന്ന പ്രവൃത്തിയാണ് ഇവരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും വിമർശനമുണ്ടായി.