നിപയ്ക്കും മഴക്കെടുതികള്‍ക്കും പിന്നാലെ കോഴിക്കോട് എലിപ്പനി വ്യാപകമാകുന്നു

Jaihind Webdesk
Friday, August 31, 2018

കോഴിക്കോട് ജില്ലയിൽ എലിപ്പനി വ്യാപകമാകുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 28 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.

കനത്ത മഴയും വെള്ളപ്പൊക്കവും മൂലമുണ്ടായ ദുരിതത്തിനു പിന്നാലെ കോഴിക്കോട് ജില്ലയിൽ എനിപ്പനിയും വ്യാപകമാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മൂന്നു പേർ എലിപ്പനി മൂലം മരണപ്പെട്ടിരുന്നു. ഇതുകൂടാതെ 28 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 64 പേർ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്. രോഗികളുടെ എണ്ണം വർദ്ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജ യശ്രീ വ്യക്തമാക്കി.

ജില്ലയിൽ പ്രവർത്തിച്ചിരുന്ന 303 ദുരിതാശ്വാസ ക്യാംപുകളിൽ കഴിഞ്ഞിട്ടുള്ളവരും ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയവരും പ്രതിരോധ മരുന്നു നിർബന്ധമായും കഴിക്കേണ്ടതുണ്ട്. 200 മില്ലിഗ്രാം ഉള്ള രണ്ട് ഗുളികകളാണ് കഴിക്കേണ്ടത്. കൂടാതെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 16 താൽക്കാലിക ആശുപത്രികൾ അനുവദിച്ചിട്ടുണ്ടെന്നും ഡി എം ഒ വ്യക്തമാക്കി. താൽക്കാലിക ആശുപത്രികളിലേക്കായി 16 ഡോക്ടർമാർ 16 നഴ്സുമാർ 82 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഡി എം ഒ അറിയിച്ചു.