സംസ്ഥാനത്ത് എലിപ്പനി പ്രതിരോധം പാളുന്നു

Jaihind Webdesk
Sunday, September 2, 2018

സംസ്ഥാനത്ത് എലിപ്പനി പ്രതിരോധപ്രവർത്തനങ്ങൾ പാളുന്നു. സംസ്ഥാനത്തുടനീളം രോഗം വ്യാപിക്കുകയാണ്. കാസർഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇപ്പോൾ അതീവ ജാഗ്രതാ നിർദേശം ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്. ഇതുവരെ 42 മരണമെന്നാണ് പുറത്തുവരുന്ന ഔദ്യോഗിക കണക്ക്.

സംസ്ഥാനത്തിന്റെ കൂടുതൽ ഭാഗങ്ങളില്‍ താൽക്കാലിക ആശുപത്രികൾ സ്ഥാപിക്കാനുള്ള നീക്കം എങ്ങുമെത്തിയിട്ടില്ല. അതേസമയം ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, കോളറ എന്നീ രോഗങ്ങളും പടരാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ശുചീകരണ പ്രവർത്തനങ്ങൾ എങ്ങുമെത്താത്തതും ആവശ്യത്തിന് ശുദ്ധമായ കുടിവെള്ള ലഭ്യതയില്ലാത്തതും രോഗവ്യാപന സാധ്യത വർധിപ്പിക്കുന്നു.

കോഴിക്കോടാണ് രോഗബാധിതർ കൂടുതലും ഉള്ളത്. നിപയും വെള്ളപ്പൊക്കവും വിതച്ച ദുരിതത്തിന് പിന്നാലെ എലിപ്പനി കൂടി വ്യാപകമാകുമ്പോൾ ആശങ്കയിലാണ് കോഴിക്കോട് ജില്ല. നിരവധി പേരാണ് രോഗലക്ഷണവുമായി ചികിത്സയിലുള്ളത്‌.

ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയെങ്കിലും സംസ്ഥാനത്ത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഇതുവരെ കാര്യക്ഷമമാക്കിയിട്ടില്ല. എന്തായാലും പ്രളയത്തിന് ശേഷം എലിപ്പനി ഭീതിയിലാണിപ്പോള്‍ കേരളം.