എലിപ്പനി : കോഴിക്കോട് ജില്ലയിൽ ഇന്ന് രണ്ട് പേർ കൂടി മരിച്ചു; മരണസംഖ്യ 15 ആയി

Monday, September 3, 2018

എലിപ്പനി രോഗലക്ഷണങ്ങളോടെ കോഴിക്കോട് ജില്ലയിൽ ഇന്ന് രണ്ട് പേർ കൂടി മരിച്ചു. ഇതോടെ ജില്ലയിലെ മരണസംഖ്യ 17 ആയി ഉയർന്നു. അതേ സമയം കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു.

എലിപ്പനി ഏറ്റവും കൂടുതൽ ബാധിച്ച കോഴിക്കോട് ജില്ലയിൽ ഓഗസ്റ്റ് ഒന്ന് മുതൽ 187 പേർ രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുണ്ട്. ഇതിൽ 84 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഈ കാലയളവിനിടെ പനി ബാധിച്ച് മരിച്ച 16 പേരിൽ 6 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചതായും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ വ്യക്തമാക്കി.

കോഴിക്കോട് മെഡി.കോളജിൽ 85 രോഗികൾ ചികിത്സയിലുണ്ട്. ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ഇവർക്കായി ചികിത്സ ഒരുക്കിയിട്ടുണ്ട്. എലിപ്പനി വ്യാപകമായ പശ്ചാത്തലത്തിൽ ജില്ലയിൽ ഇതുവരെ ഒന്നര ലക്ഷം പേർക്ക് മരുന്ന് വിതരണം ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ 85 രോഗികളെ കൂടി ചികിത്സിക്കാനുള്ള സൗകര്യം ലഭ്യമാക്കും. നിലവില്‍ 68 പേരെ ചികിത്സിക്കാനുള്ള സൗകര്യമാണുള്ളത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ഡിഎംഒ ഓഫീസില്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്.