കോടിയേരി ബാലകൃഷ്ണന്‍റെ മകനെതിരെ ബലാത്സംഗത്തിന് കേസ്

Jaihind Webdesk
Tuesday, June 18, 2019

മുംബൈ: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരെ ബലാത്സംഗത്തിന് മുംബൈ പോലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി വർഷങ്ങളോളം പീഡിപ്പിച്ചതായി മുംബൈ സ്വദേശിനിയായ യുവതി പരാതി നല്‍കിയതായി ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്തു. ബന്ധത്തിൽ എട്ട് വയസുള്ള കുട്ടിയുണ്ടെന്നും യുവതി ആരോപിച്ചു.

ജൂണ്‍ 13നാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്ധേരി ഒഷിവാര പോലീസ് അന്വേഷണം ആരംഭിച്ചു. മാനഭംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ബിനോയിക്കെതിരെ ചുമത്തിയിരിക്കുന്നത്.

2009 മുതല്‍ 2018 വരെ ബിനോയ് പീഡിപ്പിച്ചെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. ദുബായില്‍ ഡാന്‍സ് ബാറില്‍ ജോലി ചെയ്യുമ്പോള്‍ അവിടുത്തെ സ്ഥിരം സന്ദർശകനായിരുന്ന ബിനോയ് ബാലകൃഷ്ണന്‍ തന്നെ പരിചയപ്പെടുകയായിരുന്നുവെന്ന് യുവതി പറയുന്നു.

‘ജോലി ഉപേക്ഷിച്ചാല്‍ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു. ബിനോയിയുടെ വീട്ടില്‍ പോകാറുണ്ടായിരുന്നു. 2009 നവംബറില്‍ ഗര്‍ഭിണിയായി. തുടര്‍ന്ന് മുംബൈയിലേക്ക് തിരിച്ചു. വിവാഹം കഴിക്കുമെന്ന് തന്‍റെ മാതാവിനോടും സഹോദരിയോടും ബിനോയ് ഉറപ്പ് പറഞ്ഞു. 2010 ഫെബ്രുവരിയില്‍ അന്ധേരി വെസ്റ്റില്‍ ഫ്‌ളാറ്റ് വാടകക്കെടുത്ത് തന്നെ അവിടേക്ക് മാറ്റി. ഇതിനിടെ ദുബായില്‍ നിന്ന് ബിനോയ് പതിവായി വന്നുപോയി. എല്ലാ മാസവും പണവും അയച്ചിരുന്നു. എന്നാല്‍ 2015 ല്‍ ബിസിനസ് മോശമാണെന്നും ഇനി പണം നല്‍കുക പ്രയാസമാണെന്നും അറിയിച്ചു. വിളിച്ചാല്‍ ഒഴിഞ്ഞുമാറാന്‍ തുടങ്ങി. 2018 ലാണ് ബിനോയ് വിവാഹിതനാണെന്നും രണ്ട് കുട്ടികളുണ്ടെന്നും അറിയുന്നത്. ഇക്കാര്യം ചോദിച്ചപ്പോള്‍ ആദ്യം കൃത്യമായ മറുപടിയില്ലായിരുന്നു. പിന്നീട് ഭീഷണി തുടങ്ങി’ – എഫ്.ഐ.ആറില്‍ പറയുന്നു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിനോയിക്കെതിരെ അന്വേഷണം ആരംഭിച്ചതായി ഓഷിവാര പൊലീസ് അറിയിച്ചു. ഐ.പി.സി 376, 376(2), 420, 504, 506 തുടങ്ങിയ വകുപ്പുകളാണ് ബിനോയിക്കെതിരെ ചുമത്തിയിട്ടുള്ളത്.

Binoy-TOI Report

teevandi enkile ennodu para