‘തീര്‍ന്നത് വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ത്ത കോമഡി ഷോ; സിപിഎം-ബിജെപി അന്തര്‍ധാര പുറത്തായി’: രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, December 17, 2025

 

തിരുവനന്തപുരം: വിസി നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണറും സുപ്രീം കോടതിയില്‍ സമവായത്തിലെത്തിയതിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ത്തുകൊണ്ട് മൂന്ന് വര്‍ഷമായി നടന്ന ‘കോമഡി ഷോ’യ്ക്കാണ് ഇപ്പോള്‍ അവസാനമായിരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. സിപിഎം-ബിജെപി അന്തര്‍ധാര ഒരിക്കല്‍ കൂടി ഇതിലൂടെ വെളിപ്പെട്ടെന്നും ചെന്നിത്തല പറഞ്ഞു.

സാങ്കേതിക സര്‍വകലാശാല വിസിയായി സിസാ തോമസിനെയും ഡിജിറ്റല്‍ സര്‍വകലാശാല വിസിയായി സജി ഗോപിനാഥിനെയും ഒടുവില്‍ ഇരുപക്ഷവും അംഗീകരിച്ചിരിക്കുകയാണ്. സുപ്രീം കോടതി അന്തിമ തീരുമാനമെടുക്കാനിരിക്കെ നടന്ന ഈ ഒത്തുതീര്‍പ്പ് നാടകത്തിന് പിന്നിലെ രഹസ്യം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടര്‍ന്ന ‘ചക്കളത്തിപ്പോരാട്ട’ത്തിന് സര്‍ക്കാരും ഗവര്‍ണറും ജനങ്ങളോട് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സര്‍വ്വകലാശാലകളിലെ ഈ അനിശ്ചിതാവസ്ഥ കാരണമാണ് കേരളത്തില്‍ നിന്ന് പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ വിദേശ സര്‍വ്വകലാശാലകളിലേക്ക് കുടിയേറാന്‍ നിര്‍ബന്ധിതരായത്. ഇരുകൂട്ടരുടെയും അധികാര വടംവലിയില്‍ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല തകരുകയായിരുന്നു. ജനങ്ങളുടെ നികുതിപ്പണം ദശലക്ഷക്കണക്കിന് രൂപ മുടക്കിയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കേസ് നടത്തിയത്. ഈ പാഴാക്കിയ പണത്തിന് സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും ചെന്നിത്തല പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമ്പോഴെല്ലാം ജനശ്രദ്ധ തിരിക്കാന്‍ ഗവര്‍ണര്‍ നടത്തുന്ന നാടകമാണിതെന്ന് അദ്ദേഹം ആരോപിച്ചു. ‘ഈ കോമഡി ഷോയിലെ സ്ഥിരം തല്ലുകൊള്ളികള്‍ എസ്എഫ്‌ഐ ആയിരുന്നു. സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോള്‍ സമരം ചെയ്യുകയും ഇപ്പോള്‍ ഒത്തുതീര്‍പ്പായപ്പോള്‍ അത് നിശബ്ദമായി അംഗീകരിക്കുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. എന്തായാലും അന്തര്‍ധാര ഇപ്പോള്‍ പകല്‍ വെളിച്ചം പോലെ വ്യക്തമായി,’ ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.