എല്ലാവരെയും തള്ളിപ്പറഞ്ഞ് രക്ഷപ്പെടാന്‍ മുഖ്യമന്ത്രിയുടെ ശ്രമം ; പിണറായിക്ക് സമനില തെറ്റിയെന്ന് രമേശ് ചെന്നിത്തല | Video

Jaihind News Bureau
Sunday, August 30, 2020

തിരുവനന്തപുരം : മുഖ്യമന്ത്രിക്ക് സമനില തെറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബി.ജെ.പി-കോൺഗ്രസ് ബന്ധം ആരോപിക്കുന്നത് വിഭ്രാന്തി കാരണമാണ്. നരേന്ദ്ര മോദിയെ കാണുമ്പോൾ മുഖ്യമന്ത്രി കവാത്ത് മറക്കുന്നു. എല്ലാവരെയും തള്ളിപ്പറഞ്ഞ് രക്ഷപ്പാടാനാണ് മുഖ്യമന്ത്രിയുടെ വൃഥാശ്രമമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സ്വർണ്ണക്കടത്ത്, ലൈഫ് മിഷന്‍ തുടങ്ങിയ വിവാദങ്ങളില്‍ എല്ലാവരെയും തള്ളിപ്പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. തനിക്കും ഓഫീസിനും ഉത്തരവാദിത്വമില്ല എന്ന് പറഞ്ഞ് കൈകഴുകാനുള്ള വൃഥാശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. മന്ത്രിസഭയും മുന്നണിയും പോലും അറിയാതെ എല്ലാ ഇടപാടുകളും നടത്തിയത് മുഖ്യമന്ത്രിയും പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്നാണ്. സന്തതസഹചാരിയായ മാധ്യമ ഉപദേഷ്ടാവിനെ തള്ളിപ്പറഞ്ഞത് കഷ്ടമായിപ്പോയി എന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു.

സ്വന്തം ഓഫീസ് കള്ളക്കടത്തുകാരുടെ കൂത്തരങ്ങായി മാറുമ്പോള്‍ ഏതൊരാളുടെയും സമനില തെറ്റുന്നത് സ്വാഭാവികമാണ്. വീഴ്ചയും അഴിമതിയും കൊള്ളയും തുറന്നുപറയുന്നവർക്ക് വിഭ്രാന്തിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. വിഭ്രാന്തിയുള്ളവർ മറ്റുള്ളവർക്കാണ് വിഭ്രാന്തിയെന്ന് പറയുന്നതുപോലെയാണ് മുഖ്യമന്ത്രിയും ചെയ്യുന്നതെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു. കഴിഞ്ഞ നാലരവർഷത്തിനിടെ ഒരുതവണ പോലും മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചിട്ടില്ല. മോദിയെ കാണുമ്പോള്‍ പിണറായി കവാത്ത് മറക്കുന്നുവെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.

കാരക്കോണത്ത് ഉദ്യോഗാർഥിയുടെ ആത്മഹത്യക്ക് ഉത്തരവാദി സർക്കാരാണ്. പി.എസ്‌.സി ചെയർമാൻ ഉദ്യോഗാർഥികളെ അപമാനിക്കുകയാണ് ചെയ്യുന്നത്. എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി 6 മാസം കൂടി നീട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.