കൊവിഡിന്‍റെ മറവിൽ ബാറുകളിൽ മദ്യത്തിന്‍റെ പുറം വില്പന: കൊടിയ അഴിമതിക്ക് തന്‍റെ ഫേസ് ബുക്ക് പോസ്റ്റിനെ വളച്ചൊടിക്കുന്ന മുഖ്യമന്ത്രി ആടിനെ പട്ടിയാക്കുന്നുവെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Friday, May 15, 2020

Ramesh-Chennithala

കൊവിഡിന്‍റെ മറവിൽ ബാറുകളിൽ മദ്യത്തിന്‍റെ പുറം വില്പനയ്ക്ക് അനുമതി നൽകിയതിന് പിന്നിലെ അഴിമതിയെ ന്യായീകരിക്കാൻ തന്‍റെ ഫേസ് ബുക്ക് പോസ്റ്റ് ഉദ്ധരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ആടിനെ പട്ടിയാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് പടരുന്ന സാഹചര്യത്തിൽ ബിവറേജസ് ഔട്ട് ലെറ്റുകൾക്ക് മുന്നിലെ തിരക്ക് അപകടകരമാണെന്നും അതിനാൽ ഔട്ട് ലെറ്റുകൾ അടച്ചു പൂട്ടണമെന്നുമാണ് ഫേസ് ബുക്ക് പോസ്റ്റിൽ താൻ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ബിവറേജസ് ഔട്ട് ലെറ്റുകളുടെ മൂന്നിരട്ടി ഔട്ട് ലെറ്റുകൾ ബാറുകളിൽ തുറക്കുന്നതോടെ ബിവറേജസ് ഔട്ട് ലെറ്റുകളിലെ വില്‍പന വല്ലാതെ ഇടിയുകയും അവ കാലക്രമത്തിൽ അടച്ചു പൂട്ടുകയും ചെയ്യും. സർക്കാരിന്‍റെ ലക്ഷ്യമിതാണെന്നും കൊടിയ അഴിമതിക്ക് തന്‍റെ ഫേസ് ബുക്ക് പോസ്റ്റിനെ കൂട്ടു പിടിക്കേണ്ട കാര്യമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കൊവിഡ് കാലത്ത് ഇത് തന്നെ അവസരമെന്ന മട്ടിൽ കൊള്ള നടത്തുകയല്ല വേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.