സിപിഎമ്മിന് സിബിഐ അന്വേഷണം ചെകുത്താന്‍ കുരിശ് കാണുന്നപോലെ ; ഫയലുകള്‍ വിജിലന്‍സിനെ ഉപയോഗിച്ച് കടത്തിയതില്‍ ദുരൂഹത: രമേശ് ചെന്നിത്തല

Jaihind News Bureau
Monday, September 28, 2020

 

തിരുവനന്തപുരം: സിപിഎമ്മിന് സിബിഐ അന്വേഷണം ചെകുത്താന്‍ കുരിശ് കാണുന്നതുപോലെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് ഇടപാടിലെ ഫയലുകള്‍ സിബിഐ വരുന്നതിനു മുന്‍പ് വിജിലന്‍സിനെ ഉപയോഗിച്ച് കടത്തിയതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ലൈഫ് മിഷന്‍ ക്രമക്കേട് സിബിഐ അന്വേഷിക്കുമ്പോള്‍ സിപിഎം നേതാക്കളുടെ മുട്ടിടിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. സിബിഐ അന്വേഷണത്തെ സിപിഎം ഭയക്കുന്നതെന്തിനെന്നും അദ്ദേഹം ചോദിച്ചു. വടക്കാഞ്ചേരി ഫ്ലാറ്റ് നിര്‍മ്മാണവുമായി ബന്ധമില്ലെന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നത്. പിന്നെന്തിനാണ് സിബിഐ അന്വേഷണത്തെ ഭയക്കുന്നത്. ചെകുത്താന്‍ കുരിശുകാണുന്നതുപോലെ വെപ്രാളം കാണിക്കുകയാണ് സിപിഎം നേതാക്കള്‍.

സിബിഐ അന്വേഷണം വരുമെന്നറിഞ്ഞപ്പോള്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് തടിതപ്പാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച ദിവസം രാത്രിയില്‍ ഫയലുകള്‍ സെക്രട്ടേറിയറ്റില്‍ നിന്നും കൊണ്ടുപോയത് എന്തിനാണെന്നും ധൃതിയില്‍ ഫയലുകള്‍ കടത്താന്‍ സെക്രട്ടേറിയറ്റ് അധോലോക കേന്ദ്രമാണോയെന്നും അദ്ദേഹം ചോദിച്ചു.