
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസ് അന്താരാഷ്ട്ര മാനങ്ങളുള്ള ഒന്നായി മാറിയ സാഹചര്യത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. കേരളത്തിലും രാജ്യത്തുടനീളവും ക്രൈസ്തവര്‍ക്കും ക്രിസ്മസ് ആഘോഷങ്ങള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങളെയും അദ്ദേഹം ശക്തമായി അപലപിച്ചു.
ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസില്‍ നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തുന്നില്ലെങ്കിലും, കേസിന്റെ വ്യാപ്തി പരിഗണിക്കുമ്പോള്‍ സിബിഐ അന്വേഷണമാണ് ഉചിതമെന്ന് ചെന്നിത്തല പറഞ്ഞു. ഉന്നത നേതാക്കളിലേക്ക് അന്വേഷണം എത്തുന്നത് സിപിഎമ്മിനെ ഭയപ്പെടുത്തുന്നുണ്ടെന്നും രാഷ്ട്രീയ പിന്തുണയുള്ളതിനാല്‍ കേസിനെ ദുര്‍ബലപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
‘കേരളത്തിലെ ക്ഷേത്രങ്ങളിലെ പുരാവസ്തുക്കള്‍ വിറ്റ് കാശാക്കാന്‍ ശ്രമിച്ച ദേവസ്വം ബോര്‍ഡിന്റെ കഥകളാണ് പുറത്തുവരുന്നത്. പഞ്ചലോഹ വിഗ്രഹങ്ങള്‍ വരെ കാണാനില്ലെന്ന വാര്‍ത്ത ഭക്തജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ്. അന്താരാഷ്ട്ര കള്ളക്കടത്തുകാരന്‍ സുഭാഷ് കപൂറിന്റെ സംഘത്തെക്കുറിച്ച് ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ പ്രസക്തമാണ്. അധികാരത്തിലിരിക്കുന്നവരുമായുള്ള ഗൂഢസംഘത്തിന്റെ ബന്ധം പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം അനിവാര്യമാണ്,’ അദ്ദേഹം വ്യക്തമാക്കി.
ക്രിസ്മസ് ആഘോഷങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും നേരെ രാജ്യവ്യാപകമായി നടക്കുന്ന അക്രമങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് ചെന്നിത്തല പറഞ്ഞു. പാലക്കാട് കരോള്‍ സംഘത്തിന് നേരെ ഉണ്ടായ ആക്രമണം സകല മര്യാദകളെയും ലംഘിക്കുന്നതാണ്. ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്ക് ക്രിസ്മസ് ആഘോഷിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടികളിലെ വൈരുദ്ധ്യത്തെയും അദ്ദേഹം പരിഹസിച്ചു. ‘പ്രധാനമന്ത്രി ദേവാലയങ്ങളില്‍ പോയി പ്രാര്‍ത്ഥിക്കുന്നത് കൊണ്ട് മാത്രമായില്ല, ക്രൈസ്തവര്‍ക്ക് നേരെയുള്ള അക്രമം അവസാനിപ്പിക്കാന്‍ സ്വന്തം അനുയായികളോട് പറയാനുള്ള ആര്‍ജ്ജവമാണ് അദ്ദേഹം കാണിക്കേണ്ടത്. ഒരു വശത്ത് ക്രിസ്മസ് പാര്‍ട്ടികള്‍ സംഘടിപ്പിക്കുകയും മറുവശത്ത് ആഘോഷിക്കുന്നവരെ അക്രമിക്കുകയും ചെയ്യുന്ന നിലപാടാണ് ബിജെപിയുടേത്,’ ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള നീക്കങ്ങളെ മതേതര ജനാധിപത്യ വിശ്വാസികള്‍ ഒന്നിച്ച് നിന്ന് എതിര്‍ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.