സ്പ്രിങ്ക്‌ളർ വിവാദത്തിൽ നിയമ പോരാട്ടത്തിനൊരുങ്ങി പ്രതിപക്ഷം; കരാറിനെതിരെ രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ

Jaihind News Bureau
Wednesday, April 22, 2020

സ്പ്രിങ്ക്‌ളർ കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ ഹർജി നൽകി. നിലവിൽ സ്പ്രിങ്ക്‌ളർ കമ്പനി ഡേറ്റ ശേഖരിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്നും ഈ തുക മുഖ്യമന്ത്രിയിൽ നിന്നും ഐ ടി സെക്രട്ടറിയിൽനിന്നും ഈടാക്കണമെന്നും അദ്ദേഹം ഹർജിയിൽ ആവശ്യപ്പട്ടു. സ്പ്രിങ്ക്‌ളറിന്‍റെ വെബ് സർവറിലേക്ക് വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നത് നിർത്തണം എന്ന ആവശ്യവും ഹർജിയില്‍ ഉന്നയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഐടി സെക്രട്ടറി, സ്പ്രിംക്ലർ സിഇഒ തുടങ്ങിയവരെ എതിർകക്ഷികളാക്കിയാണ് ഹർജി നൽകിയിരിക്കുന്നത്.

സ്പ്രിങ്ക്‌ളർ കരാർ പരിശോധിക്കാൻ രണ്ട് റിട്ടയേർഡ് ഉദ്യോഗസ്ഥരെ നിയോഗിച്ചത് ഇടപാടിനെ വെള്ളപൂശാൻ വേണ്ടിയാണെന്നും  ഇത് അംഗീകരിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഈ അന്വേഷണം ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിന് വേണ്ടിയുള്ളതാണ്. ഈ സമിതിയിലെ രണ്ടു പേരും സ്വകാര്യ കമ്പനിയുടെ ഉദ്യോഗസ്ഥരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവർക്ക് ബന്ധപ്പെട്ട രേഖകൾ വിളിച്ചു വരുത്തി പരിശോധിക്കാനോ ഉദ്യോഗസ്ഥരെയും ഐ.ടി വകുപ്പിന്‍റെ മന്ത്രിയായ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യാനോ കഴിയില്ല. തട്ടിക്കൂട്ട് കരാർ അന്വേഷിക്കുന്നതിന് തട്ടിക്കൂട്ട് സമിതിയെയാണ് നിയോഗിച്ചിരിക്കുന്നതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

ഇടപാടിൽ 200 കോടി രൂപയുടെ അഴിമതി ആരോപണം ഉൾപ്പെടെ രമേശ് ചെന്നിത്തല ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷനേതാവ് സർക്കാരിനെതിരേ നിയമനടപടിയ്ക്ക് ഒരുങ്ങിയിരിക്കുന്നത്. ഹൈക്കോടതയിൽ നേരത്തെയുളള സ്വകാര്യ ഹരിജിയിൽ സർക്കാരിനെതിരെ വിമർശനം ഉയർന്നിരുന്നു. ഡേറ്റ ചോർന്നാൽ സർക്കാരിന് ഉത്തരവാദിത്വം ഉണ്ടോ എന്നും. കേസിന് ന്യൂയോർക്കിൽ പോകേണ്ട സാഹചര്യമാണോ എന്നും ചോദിച്ചിരുന്നു. ഐടി വകുപ്പിന്‍റെ പ്രസക്തി എന്താണെന്നു ചോദിച്ച കോടതി ഇത്തരം കാര്യങ്ങൾ നടത്താൻ സംസ്ഥാന സർക്കാരിന്‍റെ ഐടി വകുപ്പിന് കഴിവില്ലേ എന്നും ചോദിച്ചിരുന്നു. നിയമവകുപ്പ് അറിയാതെ ഐടി സെക്രട്ടറി ഒപ്പിട്ടത് എങ്ങനെയെന്നും എന്തുകൊണ്ട് സ്പ്രിങ്ക്‌ളറിനെ തെരഞ്ഞെടുത്തുവെന്ന് അറിയിക്കണമെന്നും കോടതി നിർദ്ദേശമുണ്ട്. ഇതിന്‍റെ വിശദമായ മറുപടി സർക്കാർ നൽകണം. ഡേറ്റാ കൈമാറ്റ വിഷയത്തിൽ മറ്റു മൂന്നു കേസുകൾ കൂടി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

അതേസമയം വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. എന്നാല്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലന്‍സ് തന്നെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കണം എന്നു പറയുന്നതിലെ അപാകതയും പ്രസക്തമാണ്.

teevandi enkile ennodu para