സാജന്റെ കുടുംബത്തിന് സാന്ത്വനമായി രമേശ് ചെന്നിത്തല: ചെയര്‍പേഴ്‌സണെതിരെ പ്രേരണ കുറ്റത്തിന് കേസ്സെടുക്കണം

Jaihind Webdesk
Sunday, June 23, 2019

അന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ വീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് സന്ദര്‍ശിച്ചു. രാവിലെ 10.15ഓടെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, യു.ഡി.എഫ് നേതാക്കളായ എം.കെ. മുനീര്‍ എം.എല്‍.എ, കെ.എം. ഷാജി എം.എല്‍.എ എന്നിവര്‍ സാജന്റെ കണ്ണൂര്‍ കൊറ്റാളിയിലെ വീട്ടിലെത്തിയത്. അരമണിക്കൂറോളം നേതാക്കള്‍ സാജന്റെ കുടുംബവുമായി കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു.

പ്രവാസ ലോകത്തിന് ആശങ്ക ഉയര്‍ത്തുന്ന സംഭവമാണ് ആതുരിലേത്. ഈ സര്‍ക്കാരിന്റെ ഭരണത്തില്‍ രണ്ടാമത്തെ വ്യവസായിയാണ് ആത്മഹത്യ ചെയ്യുന്നത്. സി പി എമ്മിലെ വിഭാഗിയതയാണ് ആത്മഹത്യക്ക് കാരണം. ഉദ്യോഗസ്ഥരെ ബലിയാടാക്കി മുനിസിപ്പല്‍ ചെയര്‍പേഴ്‌സനെ രക്ഷിക്കാനാണ് ശ്രമം. ചെയര്‍പേഴ്സന്‍ കാണിച്ച ധിക്കാരവും, ധാര്‍ഷ്ട്യവും ആത്മഹത്യയ്ക്ക് കാരണമായി. ചെയര്‍പേഴ്‌സനാണ് ഉത്തരവാധിത്വം. ചെയര്‍പേഴ്‌സന് എതിരെ പ്രേരണ കുറ്റത്തിന് കേസ്സെടുക്കണം. ഒരു പാര്‍ട്ടിക്കാരന് ഇത്തരം അനുഭവമാണ് ഉണ്ടായതെങ്കില്‍ സാധാരണക്കാരന് എന്താവും സ്ഥിതി.
ചെയര്‍പേഴ്‌സന്‍ സ്ഥാനത്ത് നിന്ന് അവരെ മാറ്റണം. കേസ് ഡി.വൈ.എസ്.പി അന്വേഷിച്ചിട്ട് കാര്യമില്ല. സ്വാധിന ചെലുത്താന്‍ വേണ്ടിയാണ് ഡി.വൈ.എസ്.പിയെ കൊണ്ട് അന്വേഷിപ്പിക്കുന്നത്.

ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്.
രണ്ടോമൂന്നോ ഉദ്യോഗസ്ഥരെ മാത്രം സസ്‌പെന്റ് ചെയ്യുന്നതുകൊണ്ട് യാതൊരു കാര്യവുമില്ല. അതിന്റെ യഥാര്‍ത്ഥ കുറ്റവാളിയെന്നത് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ തന്നെയാണ്. അവരെ സംരക്ഷിക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം ശക്തമായി നിലനില്‍ക്കും. ഉദ്യോഗസ്ഥരെ ഭരിക്കാനുള്ള ചെയര്‍പേഴ്‌സണ്‍ കാണിച്ച ധിക്കാരവും ധാര്‍ഷ്ട്യവുമാണ് സാജനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് – രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.