കൊച്ചി ക്യാൻസർ സെന്‍റർ കെട്ടിടം തകർന്നുവീണതിൽ ഗുരുതര വീഴ്ച്ചയെന്ന് രമേശ് ചെന്നിത്തല; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകും; കെട്ടിട നിർമാണ കമ്പനിയും, സിപിഎം ജില്ലാ കമ്മറ്റിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind News Bureau
Monday, December 9, 2019

നിർമാണത്തിലിരിക്കുന്ന കൊച്ചി ക്യാൻസർ സെന്‍റർ കെട്ടിടം ഇടിഞ്ഞുവീണ സ്ഥലം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും സന്ദർശിച്ചു. സംഭവം ഗുരുതരമായ വീഴ്ചയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിഷയത്തിൽ ക്യാൻസർ സെന്‍റർ നിർമാണകമ്പനിയും, സിപിഎം ജില്ലാ കമ്മറ്റിയുമായുള്ള ബന്ധം വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.

https://www.youtube.com/watch?v=rrfixdUyR-g

കിഫ്‌ബി വഴി നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് നിർമാണത്തിലിരിക്കെ കളമശേരിയിൽ പൊളിഞ്ഞു വീണത്. പാവപ്പെട്ട ക്യാൻസർ രോഗികൾക്ക് വേണ്ടി നിർമിച്ച കൊച്ചിൻ ക്യാൻസർ റിസർച് സെന്‍ററിന്‍റെ നിർമാണത്തിലിരുന്ന ഭാഗമാണ് തകർന്നത്. കരാർ കമ്പനിയുടെ വിശ്വാസ്യതയിൽ സംശയം പ്രകടിപ്പിച്ചത് സിപിഎം നേതാവായ എസ്. ശർമയുടെ നേതൃത്വത്തിലുള്ള നിയമസഭാസമിതിയായിരുന്നു. സാങ്കേതിക പരിജ്ഞാനമുള്ള പ്രോജക്റ്റ് ഓഫീസറെ നിയമിക്കണമെന്ന് സമിതി ആവശ്യപ്പെട്ടെങ്കിലും വൈകിപ്പിക്കുകയായിരുന്നു. അഴിമതിക്ക് കൂട്ടുനിന്ന എല്ലാവരെയും നിയമത്തിന്‍റെ മുന്നിൽകൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കെട്ടിടം തകർന്നു വീണിട്ടും ഇക്കാര്യം രഹസ്യമായി അധികൃതർ സൂക്ഷിക്കുകയായിരുന്നു. കിഫ്ബിയുടെ ക്യാൻസർ സെന്‍റർ കെട്ടിടം തന്നെ ഇങ്ങനെ ആണെങ്കിൽ മറ്റു പദ്ധതികൾ എന്താകുമെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. വിശദമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. കടുത്ത അഴിമതിയുടെ ചിത്രമാണ് കളമശേരിയിൽ പുറത്ത് വന്നിരിക്കുന്നത്. കരാറെടുത്ത കമ്പനിയുൾപ്പെടെ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.