വിമാനത്താവള നടത്തിപ്പ്: അദാനിക്ക് ബന്ധമുള്ള സ്ഥാപനത്തില്‍ നിന്ന് നിയമോപദേശം തേടിയതെന്തിനെന്ന് വ്യക്തമാക്കണം;  സര്‍ക്കാരിനോട്  രമേശ് ചെന്നിത്തല

Jaihind News Bureau
Saturday, August 22, 2020

 

തിരുവനന്തപുരം:  തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ്  ഏറ്റെടുക്കാനുളള ലേലത്തില്‍  പങ്കെടുക്കാനായി സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം നല്‍കിയത് അദാനി   ഗ്രൂപ്പുമായി അടുത്ത ബന്ധമുള്ള സ്ഥാപനമെന്ന വാര്‍ത്ത  ആശങ്ക ഉളവാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  അദാനിയുടെ അടുത്ത ബന്ധുവായ സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസ് എന്ന  നിയമസ്ഥാപനമാണ് എന്ന വാര്‍ത്തായാണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത് ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനാണ്. ഈ വാര്‍ത്ത ശരിയാണെങ്കില്‍ ഇത് സര്‍ക്കാരും അദാനി ഗ്രൂപ്പും തമ്മിലുള്ള ഒത്തുകളിയാണെന്ന് പറയേണ്ടി വരും.

സംസ്ഥാന സര്‍ക്കാരിനെ പോലെ ലേലത്തില്‍ പങ്കെടുത്ത ഒരു സ്ഥാപനമാണ് അദാനി  ഗ്രൂപ്പ്. സര്‍ക്കാരിനും അദാനിക്കും ഒരേ സ്ഥാപനം തന്നെ നിയോപദേശം നല്‍കുക എന്നതും അദാനി  ഗ്രൂപ്പിന്    വിമാനത്താവള നടത്തിപ്പിനായുള്ള  ലേലം ലഭിച്ചു എന്നതും സര്‍ക്കാരിനെ സംശയത്തിന്‍റെ  മുള്‍മുനയില്‍ നിര്‍ത്താന്‍ പോന്നതാണ്. പൊതുസമൂഹത്തില്‍ ഇതുമായി ബന്ധപ്പെട്ട ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് എന്നത് കൊണ്ട് ഇക്കാര്യം വിശദീകരിക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനുള്ളത്.
വിമാനത്താവള നടത്തിപ്പ്  അദാനിക്ക് നല്‍കുന്നതിനെതിരെ സര്‍ക്കാരിനൊപ്പമാണ് പ്രതിപക്ഷം നിലകൊണ്ടത്. അത് കൊണ്ടാണ് ഒരു നിമിഷം പാഴാക്കാതെ  മുഖ്യമന്ത്രി  വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തതും. എന്നാല്‍ ഇപ്പോള്‍  പുറത്തു വന്ന വാര്‍ത്ത  ശരിയാണെങ്കില്‍ സര്‍ക്കാരിന് ഇതില്‍ ഗൂഡലക്ഷ്യങ്ങളാണുള്ളതെന്ന് പറയേണ്ടി വരും. അത് കൊണ്ട് 24 ന് നിയമസഭയില്‍  ഈ പ്രമേയം വരുന്നതിന് മുമ്പ്  ഈ കാര്യത്തില്‍ വ്യക്തത വരുത്തണം.

അദാനിയുമായി വളരെയേറെ അടപ്പുമുള്ള  സ്ഥാപനത്തില്‍ നിന്ന്  നിയമോപദേശം സ്വീകരിച്ചത് വഴി    ലേലത്തിനായി സര്‍ക്കാര്‍ സമര്‍പ്പിച്ച   രേഖകളുടെ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടുവെന്ന്  വേണം കരുതാന്‍.   ലേലത്തില്‍ പങ്കെടുക്കാന്‍ സമര്‍പ്പിച്ച  രേഖകള്‍ എല്ലാം സംശയത്തിന്റെ  നിഴലില്‍ ആയത് കൊണ്ട്  ഇപ്പോള്‍ പുറത്ത് വന്ന വാര്‍ത്തകളെക്കുറിച്ച് വ്യക്തമായ മറുപടി സര്‍ക്കാര്‍ പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

teevandi enkile ennodu para