മുഖ്യമന്ത്രിയുടെ  അറിവോടെ ഐ.ടി വകുപ്പില്‍ നൂറുകണക്കിന് അനധികൃത നിയമനങ്ങള്‍; അമേരിക്കന്‍ പൗരത്വമുള്ള സ്ത്രീക്ക്‌ ഐ.ടി സ്റ്റാർട്ട് അപ് മിഷനില്‍ ജോലി ലഭിച്ചത് എങ്ങനെയെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, July 9, 2020

 

തിരുവനന്തപുരം: അഴിമതിയുടേയും കൊള്ളയുടേയും പ്രഭവകേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഐ.ടി വകുപ്പില്‍ നൂറുകണക്കിന് അനധികൃത നിയമനങ്ങള്‍ നടക്കുന്നു. മുഖ്യമന്ത്രിയുടെ  അറിവോടെ ഐടി സക്രട്ടറിയാണ് നിയമനങ്ങള്‍ക്ക് പിന്നില്‍. അമേരിക്കന്‍ പൗരത്വമുള്ള സ്ത്രീക്ക്‌ ഐ.ടി സ്റ്റാർട്ട് അപ് മിഷനില്‍ സീനിയർ ഫെല്ലോ ആയി ജോലി ലഭിച്ചത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് നടത്തിയ പ്രതിഷേധ ധര്‍ണ്ണയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരമല്ല മുഖ്യമന്ത്രിയുടെ ഓഫീസാണ് അഗ്നിപര്‍വതത്തിന് മുകളില്‍. എന്തുകൊണ്ടാണ് മുഖ്യമന്ത്രി സ്വപ്നയെ ന്യായീകരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിക്ക് ശിവശങ്കറിനെ പേടിയാണ്. സർവീസ് റൂൾസ് ലംഘിച്ച ശിവശങ്കരനെ അറസ്റ്റ് ചെയ്ത് നിയമ നടപടി എടുക്കുകയാണ് വേണ്ടത്. രാജ്യദ്രോഹ കുറ്റമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ചെയതത്. നട്ടെല്ലുണ്ടെങ്കില്‍ മുഖ്യമന്ത്രി സിബിഐ അനേഷണം ആവശ്യപ്പെടണം. കത്തെഴുതി ജനങ്ങളെ പറ്റിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി രാജി വെച്ച് ജനവിധി തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.