കലി തുള്ളി പെരുമഴ; ജാഗ്രത വേണം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Jaihind Webdesk
Sunday, October 17, 2021


 

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ നമ്മുടെ ഭാഗത്തുനിന്നുണ്ടാകുന്ന ചെറിയ അശ്രദ്ധ പോലും വലിയ അപകടത്തിലേക്ക് നയിച്ചേക്കാം. വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും കവരുന്ന ജീവനുകള്‍ക്ക് പുറമെ അശ്രദ്ധ വരുത്തിവെക്കുന്ന അപകടങ്ങളും നിരവധിയാണ്. മഴക്കാലത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

 1. മലയോരമേഖലകളിലേക്കുള്ള യാത്രകൾ  കഴിയുന്നതും ഒഴിവാക്കുക.

 2. വനമേഖലകളിലേക്ക് പ്രവേശിക്കരുത്.

 3. അണക്കെട്ട് തുറക്കുന്ന സ്ഥലങ്ങളിലേക്കും പരിസരപ്രദേശങ്ങളിലേക്കും പോകരുത്.

 4. പാലങ്ങളിലും നദിക്കരയിലും കൂട്ടം കൂടി നില്ക്കരുത്, നദിയിലും അരുവികളിലും ഇറങ്ങരുത്.

 5. വിനോദ സഞ്ചാരമേഖലകളിലേക്കുള്ള യാത്രകൾ ഒഴിവാക്കുക.

 6. വെള്ളമൊഴുക്ക് കാണാന് പോകുന്നതും സമീപത്ത് നിന്ന് സെല്ഫി എടുക്കുന്നതും ഒഴിവാക്കണം.

 7. നദിക്കരയോട് ചേര്ന്ന് താമസിക്കുന്നവരും മുന്കാലങ്ങളില് വെള്ളം കയറിയ പ്രദേശങ്ങളില് ഉളളവരും അതീവ ജാഗ്രത പാലിക്കുക.

 8. മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറണം.

 9. ഒഴുക്ക് വകവെക്കാതെ വാഹനം എടുത്ത് നിരത്തിലിറങ്ങരുത്. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം വാഹനം ഉപയോഗിക്കുക.

 10. രാത്രിയാത്ര പരമാവധി ഒഴിവാക്കുക.

 11. പൊലീസ്-റവന്യൂ വകുപ്പിന്‍റെ മുന്നറിയിപ്പുകള് പാലിക്കുക.

 12. വൈദ്യുതി ലൈന്‍ പൊട്ടിവീഴാനുളള സാധ്യത കരുതി ജാഗ്രത പുലർത്തണം.

മഴക്കാലത്ത് യാത്ര കാറിലാണെങ്കില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

 

 • നിലവിലെ സാഹചര്യത്തില്‍ ശക്തമായ മഴയില്‍ കഴിയുന്നതും യാത്ര ഒഴിവാക്കുന്നതാണ് ഉത്തമം. ഒഴിവാക്കാന്‍ പറ്റാത്ത യാത്ര ആണെങ്കില്‍ മാത്രം പോകാനുള്ള പ്രദേശത്ത് അപകടമില്ല എന്ന് ഉറപ്പായ ശേഷം മാത്രം യാത്ര ആരംഭിക്കുക.
 • റോഡില്‍ കാറിന്‍റെ എക്സ്ഹോസ്റ്റ് ലെവലില്‍ വെള്ളം ഉണ്ടെങ്കില്‍ കാറിന് കേടുപാടു വരുമെന്ന് ഉറപ്പാണ്. ഇത്തരത്തില്‍ ഉയര്‍ന്ന വെള്ളമുള്ള റോഡിലേക്ക് കാര്‍ ഇറക്കരുത്. എക്സ്ഹോസ്റ്റില്‍ വെള്ളം കയറിയാല്‍ വാഹനം തനിയെ ഓഫാകും.
 • വെള്ളത്തില്‍ കാര്‍ ഓഫായാല്‍ പിന്നീട് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കരുത്. ഇത് എന്‍ജിനുള്ളില്‍ വെള്ളം കയറാന്‍ ഇടയാക്കും.
 • വെള്ളക്കെട്ടിലൂടെ പരമാവധി വേഗത കുറച്ച് ചെറു ഗിയറില്‍ മാത്രം വാഹനം ഓടിക്കുക. ആദ്യ ഗിയറില്‍ ഓടിക്കുമ്പോല്‍ എക്സോസ്റ്റിലൂടെ വെള്ളം കയറാനുള്ള സാധ്യതയും കുറയും.
 • നനഞ്ഞ റോഡില്‍ ടയറിന് ഘര്‍ഷണം വളരെ കുറവായിരിക്കും. പതുക്കെ മാത്രം ബ്രേക്ക് ചെയ്യുക, ഇല്ലെങ്കില്‍ കാര്‍ തെന്നിമാറി അപകടമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
 • പരമാവധി റോഡിന്‍റെ മധ്യഭാഗത്തുകൂടി വാഹനം ഓടിക്കുക. സൈഡ് അടുപ്പിച്ച് എടുക്കരുത്, ഇടിഞ്ഞ റോഡാണെങ്കില്‍ അപകടത്തില്‍പ്പെടും.
 • മുന്നിലുള്ള വാഹനവുമായി കൃത്യമായ അകലം പാലിക്കുക. അപകടരമായ വിധം ഓവര്‍ ടേക്ക് ചെയ്യുന്നത് അപകടം വിളിച്ചുവരുത്തും.
 • പെട്ടെന്ന് വെള്ളം ഡോര്‍ ലെവലിലേക്ക് കയറിയാല്‍ എത്രയും വേഗം വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി അല്‍പം ഉയര്‍ന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ ശ്രമിക്കുക. വെള്ളം ഉയരുമ്പോള്‍ ഒരു കാരണവശാലും കാറിനുള്ളില്‍ തന്നെ ഇരിക്കാന്‍ ശ്രമിക്കരുത്. കാര്‍ ഒഴുകിപ്പോകാനും ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിക്കാനുമുള്ള സാധ്യത മുന്‍കൂട്ടി കാണുക.
 • 12 ഇഞ്ച് ഉയരത്തില്‍ ശക്തമായി ഒഴുകുന്ന വെള്ളത്തിന് പോലും ഒരു ചെറിയ കാറിനെ ഒഴുക്കിക്കൊണ്ടു പോകാന്‍ സാധിക്കും. വലിയ കാര്‍ ആണെങ്കില്‍ 18-24 ഇഞ്ച് വെള്ളത്തിലും ഒഴുകിപ്പോകാം.
 • എതിര്‍ദിശയില്‍ വരുന്ന വാഹന ഉടമ മുന്നില്‍ അപകടമുണ്ടെന്ന് അറിയിച്ചാല്‍ വീണ്ടും അതേ റൂട്ടില്‍ യാത്ര ചെയ്യാന്‍ ശ്രമിക്കരുത്. സുരക്ഷിതമായ മറ്റു റൂട്ടുകള്‍ കണ്ടെത്തുക. അല്ലെങ്കില്‍ യാത്ര ഒഴിവാക്കി മടങ്ങുക.
 • വാഹനം ഓഫായി എവിടെയെങ്കിലും കുടുങ്ങിയാല്‍ സഹായം ലഭിക്കാന്‍ 24X7 സര്‍വീസ് സെന്‍റര്‍ അസിസ്റ്റന്‍സ് നമ്പറോ, പരിചയമുള്ള മെക്കാനിക്കിന്‍റെ നമ്പറോ ഫോണില്‍ കരുതണം.

 

കാറ്റ്, മഴ പൊതുജനങ്ങള്‍ക്കുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ:

 • കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്.
 • വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടകരമായ അവസ്ഥയിലുള്ള മരങ്ങൾ പൊതു ഇടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക.
 • ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലെക്ട്രിക്ക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചു വെക്കുകയോ ചെയ്യുക. മഴയും കാറ്റുമുള്ളപ്പോൾ ഇതിന്‍റെ ചുവട്ടിലും സമീപത്തും നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ അരുത്.
 • ചുമരിലോ മറ്റോ ചാരി വെച്ചിട്ടുള്ള കോണി പോലെയുള്ള കാറ്റിൽ വീണുപോകാൻ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടി വെക്കേണ്ടതാണ്.
 • കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നിൽക്കാതിരിക്കുക. വീടിന്‍റെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കുക.
 • ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ അധികൃതരുമായി (1077 എന്ന നംബറില്‍) മുൻകൂട്ടി തന്നെ ബന്ധപ്പെടുകയും മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ അവർ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കേണ്ടതുമാണ്. തദ്ദേശ സ്ഥാപനതല ദുരന്ത ലഘൂകരണ പദ്ധതി പ്രകാരം കണ്ടെത്തിയിട്ടുള്ള ഇത്തരം ആളുകളെ കൊവിഡ് 19 പ്രോട്ടോക്കോൾ അനുസരിച്ച് കൊണ്ട് റിലീഫ് ക്യാമ്പുകളിലേക്ക് ആവശ്യമുള്ള ഘട്ടങ്ങളിൽ മാറ്റാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുൻകൈ എടുക്കേണ്ടതാണ്.
 • കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ഏതെങ്കിലും അപകടം ശ്രദ്ധയിൽ പെട്ടാൽ ഉടനെ തന്നെ കെഎസ്ഇബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കുക.
 • തകരാര്‍ പരിഹരിക്കുന്ന പ്രവർത്തികൾ കാറ്റ് തുടരുന്ന ഘട്ടത്തിൽ ഒഴിവാക്കുകയും കാറ്റും മഴയും അവസാനിച്ച ശേഷം മാത്രം നടത്തുകയും ചെയ്യുക. കെഎസ്ഇബി ജീവനക്കാരുമായി പൊതുജനങ്ങൾ ക്ഷമയോടെ സഹകരിക്കുക. പൊതുജനങ്ങൾ നേരിട്ടിറങ്ങി ഇത്തരം റിപ്പയർ വർക്കുകൾ ചെയ്യാതിരിക്കുക.
 • പത്രം-പാൽ വിതരണക്കാർ പോലെയുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കാൻ ശ്രമിക്കണം. എന്തെങ്കിലും അപകടം സംശയിക്കുന്നപക്ഷം കൺട്രോൾ റൂമിൽ അറിയിച്ച് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി മാത്രം മുന്നോട്ട് പോകണം.
 • കൃഷിയിടങ്ങളിൽ കൂടി കടന്നുപോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുമ്പ് ഉറപ്പ് വരുത്തുക.
 • നിർമ്മാണ ജോലികളിൽ ഏർപ്പെടുന്നവർ കാറ്റും മഴയും ശക്തമാകുമ്പോൾ ജോലി നിർത്തി വെച്ച് സുരക്ഷിതമായ ഇടത്തേക്ക് മാറി നിൽക്കണം.