സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ മഴ ശക്തമാകും; പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്; മത്സ്യതൊഴിലാളികള്‍ക്കും മുന്നറിയിപ്പ്

Jaihind News Bureau
Saturday, August 1, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുക്കുന്ന ന്യൂനമര്‍ദം കേരളത്തില്‍ ശക്തമായ മഴയ്ക്ക് ഇടയാക്കും. ആഗസ്റ്റ് 20 വരെയെങ്കിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു. തീവ്രമഴക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാല്‍ ജില്ലാ ഭരണകൂടങ്ങളോടും തദ്ദേശസ്ഥാപനങ്ങളോടും അതീവ ശ്രദ്ധ പുലര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

കടലാക്രമണം ശക്തമായതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പുണ്ട്. അതേസമയം പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലവിലുണ്ട്. തിരുവനന്തപുരം, കൊല്ലം, പാലക്കാട് , വയനാട് ജില്ലകളില്‍ മുന്നറിയിപ്പുകളൊന്നുമില്ല.  കടലാക്രമണം ശക്തമായതിനാല്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്.