പുതിയ ന്യൂനമർദ്ദത്തിന് സാധ്യത; സംസ്ഥാനത്ത് മഴ കനക്കും, ജാഗ്രതാ നിർദേശം

Jaihind Webdesk
Saturday, November 13, 2021

തിരുവനന്തപുരം : അറബിക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിന് പിന്നാലെ അടുത്ത 12 മണിക്കൂറിനുള്ളിൽ തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതോടെ തെക്കൻ കേരളത്തിൽ മഴ ശക്തമായേക്കും.

രണ്ട് ദിവസത്തിനുള്ളിൽ മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം എത്തിച്ചേരും. ഇത് ശക്തികൂടി തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യതയുണ്ട്. പുതിയ ന്യൂനമർദ്ദത്തിന്‍റെ പശ്ചാത്തലത്തിൽ തെക്കൻ കേരളത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശനിയാഴ്ച തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച പത്തനംതിട്ട മുതൽ എറണാകുളം വരെയുള്ള അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

സംസ്ഥാനത്ത് ഇന്ന് തീവ്രമഴ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ആറ് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറ‍ഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. വടക്കൻ തമിഴ്നാട്‌ തീരത്തുള്ള ന്യൂനമർദ്ദത്തിന്‍റെയും ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദത്തിന്‍റെയും സ്വാധീനഫലമായാണ് ശക്തമായ മഴ തുടരുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണ്. കേരളാ തീരത്ത് 40 മുതൽ 50 കി.മീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കുമെന്നാണ് മുന്നറിയിപ്പ്.

അതേസമയം മഴ കുറഞ്ഞതിനാൽ ഇടുക്കി ഡാം ഉടൻ തുറക്കില്ലെന്ന് കെഎസ്ഇബി അറിയിച്ചു. ഇടുക്കി ഹൈറേഞ്ച് മേഖലയിൽ ഇപ്പോൾ മഴ പെയ്യുന്നില്ല. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.46 അടിയാണ്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 139.40 അടിയുമാണ്. ചെറുതോണി ഡാമിന്‍റെ ഷട്ടർ തുറന്ന് 100 ക്യൂമെക്സ് വരെ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കി വിടുമെന്നാണ് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നത്. ഇതേത്തുടർന്ന് പെരിയാർ തീരത്ത് കനത്ത ജാഗ്രതയാണ് നിലനിൽക്കുന്നത്. ഇനി മഴ പെയ്താൽ മാത്രമേ ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരൂ എന്ന് കെഎസ്ഇബി വ്യക്തമാക്കി. മഴ കുറഞ്ഞതിനാൽ നാല് മണിക്കൂറിനു ശേഷം ജലനിരപ്പ് കുറഞ്ഞു തുടങ്ങുമെന്നും കെഎസ്ഇബി അറിയിച്ചു.

റൂൾ കർവ് പ്രകാരം ഇടുക്കി ഡാമിലെ ബ്ലൂ അലർട്ട് ലെവൽ 2392.03 അടിയാണ്. ഓറഞ്ച് അലർട്ട് 2398.03 അടിയും റെഡ് അലർട്ട് 2399.03 അടിയുമാണ്. മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട് കൊണ്ട് പോകുന്ന വെള്ളത്തിന്‍റെ അളവ് വീണ്ടും കുറച്ചു. സെക്കന്‍റിൽ 467 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. നിലവിലെ റൂൾ കർവ് അനുസരിച്ച് അണക്കെട്ടിൽ 141 അടി വെള്ളം സംഭരിക്കാം.

ജലനിരപ്പ് 142 അടിയിലെത്തുന്നതിനു മുമ്പേ സ്പിൽവേ ഷട്ടർ തുറന്നത് തമിഴ്നാട്ടിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതേത്തുടർന്ന് ജലനിരപ്പ് 142 അടിയിലേക്ക് എത്തിക്കുന്നതിനാണ് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചത്. മുല്ലപ്പെരിയാർ വെള്ളം സംഭരിക്കുന്ന തമിഴ്നാട്ടിലെ വൈഗ അണക്കെട്ടിലെ ജലനിരപ്പ് 69.29 അടിയായി. 71 അടിയാണ് പരമാവധി സംഭരണ ശേഷി.