
ദരിദ്രര്‍ക്കും ഇടത്തരക്കാര്‍ക്കും എതിരായ മറ്റൊരു പ്രഹരമാണ് റെയില്‍വേ നിരക്ക് വര്‍ധനയെന്ന്് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. കേന്ദ്ര ബജറ്റില്‍ നിന്ന് കൂടുതല്‍ ഫണ്ട് അനുവദിക്കുന്നതിനുപകരം, നമ്മുടെ രാജ്യത്തെ ഇതിനകം ദുരിതമനുഭവിക്കുന്ന ദരിദ്രരെ പിഴിഞ്ഞെടുക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുകയാണ്. പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോള്‍ നിരക്ക് വര്‍ധന പ്രഖ്യാപിക്കാന്‍ കേന്ദ്രത്തിന് ധൈര്യമില്ലെന്നും, അത് വ്യാപകമായ എതിര്‍പ്പിന് കാരണമാകുമെന്ന് വ്യക്തമായി അറിയാമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2025 ഡിസംബര്‍ 26 മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നത്.
റെയില്‍ യാത്ര കൂടുതല്‍ സുരക്ഷിതമല്ലാതായി മാറിയെന്നും, അപകടങ്ങള്‍ മിക്കവാറും എല്ലാ മാസവും യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഇളവുകള്‍ നിര്‍ത്തലാക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ വിഭാഗങ്ങളെ വേട്ടയാടുന്നതിന് തുല്യമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരമായി നിരക്ക് പിന്‍വലിക്കണമെന്നും അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പുതുക്കിയ നിരക്കുകള്‍ പ്രകാരം, 215 കിലോമീറ്ററിനപ്പുറം സഞ്ചരിക്കുന്ന സാധാരണ ക്ലാസ് യാത്രക്കാര്‍ക്ക് കിലോമീറ്ററിന് 1 പൈസ അധികമായി നല്‍കേണ്ടിവരും, അതേസമയം എല്ലാ ട്രെയിനുകളിലെയും മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളിലെ എസി ഇതര ക്ലാസുകളിലും എസി ക്ലാസുകളിലും കിലോമീറ്ററിന് 2 പൈസയുടെ വര്‍ദ്ധനവ് ഉണ്ടാകും.