രാഹുല്‍ഗാന്ധി ഇന്നും നാളെയും കേരളത്തില്‍; 14ന് ജനമഹാറാലി ഉദ്ഘാടനം ചെയ്യും

Wednesday, March 13, 2019

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കേരളത്തിൽ എത്തും. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് രാഹുൽ ഗാന്ധി തുടക്കം കുറിക്കും. പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെയും ഷുഹൈബിന്‍റെയും കുടുംബങ്ങളെ കോൺഗ്രസ് അധ്യക്ഷൻ സന്ദർശിക്കും.

കേരളത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് എത്തുന്ന രാഹുല്‍ഗാന്ധി ഇവിടെ നിന്നും പ്രത്യേക വിമാനത്തില്‍ കൊച്ചിയിലേയ്ക്ക് പോകും. രാത്രി തൃശൂര്‍ രാമനിലയത്തില്‍ താമസിക്കുന്ന അദ്ദേഹം നാളെ രാവിലെ 10ന് തൃപ്രയാറില്‍ നടക്കുന്ന ഫിഷര്‍മാന്‍ പാര്‍ലമെന്‍റില്‍ പങ്കെടുക്കും.

തുടര്‍ന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ രാഹുല്‍ഗാന്ധി സിപിഎമ്മിന്‍റെ അക്രമ രാഷ്ട്രീയത്തിന് ഇരയായ ഷുഹൈബിന്‍റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. ഉച്ചതിരിഞ്ഞ് കാസര്‍ഗോഡ് പെരിയയിലെത്തി  സിപിഎം അക്രമികള്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കൃപേഷിന്‍റേയും ശരത്‌ലാലിന്‍റേയും വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും.

വൈകുന്നേരം 4ന്  കോഴിക്കോട് കടപ്പുറത്ത് വച്ചുനടക്കുന്ന ജനമഹാറാലിയുടെ ഔപചാരിക ഉദ്ഘാടനം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നിര്‍വ്വഹിക്കും. ജനമഹാറാലിയുടെ ഉദ്ഘാടനത്തോടെ കേരളത്തിലെ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമാകുമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.