‘വല വലിക്കാന്‍ കടലില്‍ ചാടി, ഒപ്പം ഭക്ഷണം കഴിച്ചു, ബുദ്ധിമുട്ടുകള്‍ ചോദിച്ചറിഞ്ഞു’ : മനം കവർന്ന് രാഹുല്‍

Jaihind News Bureau
Wednesday, February 24, 2021

കൊല്ലം : തീരദേശത്തിന്‍റെ ഹൃദയം തൊട്ടറിഞ്ഞ്, ബുദ്ധിമുട്ടുകള്‍ നേരില്‍ കണ്ടറിഞ്ഞ് സാന്ത്വനമേകി രാഹുല്‍ ഗാന്ധി. തീരദേശത്തെ ജനങ്ങളുമായി സംവദിച്ച രാഹുല്‍ ഗാന്ധിക്ക് തങ്ങളുടെ ഹൃദയത്തിലാണ് സ്ഥാനമെന്ന് അവരും സാക്ഷ്യപ്പെടുത്തുന്നു. പുലർച്ചെ മത്സ്യബന്ധനത്തിനായി പോയ ബോട്ടില്‍ രാഹുല്‍ ഗാന്ധിയും ഒപ്പമുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ലാളിത്യം ഏവരെയും ആകർഷിച്ചതായി ബോട്ടുടമ ബിജു ലോറന്‍സ് പറയുന്നു.

‘ഞാനൊരു ഇടതുപക്ഷക്കാരനാണ്. രാഹുല്‍ ഗാന്ധിയെപ്പോലെ ഒരു നേതാവ് വരുമ്പോള്‍ നമുക്ക് രാഷ്ട്രീയമല്ല’. രാഹുല്‍ ഗാന്ധി സഞ്ചരിച്ച ബോട്ടുടമ പറഞ്ഞു. ഇന്ന് പുലർച്ചെ കൊല്ലം വാടി കടപ്പുറത്ത് നിന്നും മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം രാഹുല്‍ ഗാന്ധിയും മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്നു. മത്സ്യത്തൊഴിലാളികളുടെ ബുദ്ധിമുട്ടുകളും വിഷമങ്ങളും നേരില്‍ കണ്ട് മനസിലാക്കുന്നതിനായാണ് രാഹുല്‍ ഗാന്ധിയും മത്സ്യബന്ധന ബോട്ടിനൊപ്പം കടലിലേക്ക് പോയത്.

അവരുടെ ജോലിയുടെ വിഷമതകള്‍ താന്‍ നേരില്‍ കണ്ട് മനസിലാക്കിയെന്ന് രാഹുല്‍ ഗാന്ധി പിന്നീട് പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ കഠിനാധ്വാനം ഏറ്റവും വിലമതിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളെ ജോലിയില്‍ സഹായിക്കുകയും അവർക്കൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്ത രാഹുല്‍ ഏവരെയും അമ്പരപ്പിച്ചു.

 

 

വലയൊതുക്കാനായി തൊഴിലാളികള്‍ കടലില്‍ ചാടുന്നത് കണ്ടപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് സംശയം. എന്തിനാണ് ഇവര്‍ കടലില്‍ ചാടുന്നത്? അദ്ദേഹം തിരക്കി. മീന്‍ കുറവാണെന്നും വലയിലുള്ള മീന്‍ നഷ്ടപ്പെടാതിരിക്കാനായി വല ഒതുക്കുകയുമാണ് അവർ ചെയ്യുന്നതെന്ന് വിശദീകരിച്ചു.

‘ഞാനും അവര്‍ക്കൊപ്പം കൂടുന്നു’ രാഹുലിന്‍റെ പ്രതികരണം.

ടീഷര്‍ട്ട് ഊരി മാറ്റിയ ശേഷം രാഹുല്‍ ഗാന്ധി അവര്‍ക്കൊപ്പം കടലില്‍ ചാടി. വല വലിച്ചുകയറ്റാന്‍ തൊഴിലാളികള്‍ക്കൊപ്പം കൂടി. പരിചയസമ്പന്നനെ പോലെ അദ്ദേഹം കടലില്‍ നീന്തിയെന്നും ഒരു വേർതിരിവും കാണിക്കാതെ ഒപ്പം ഭക്ഷണം കഴിച്ചെന്നും ബോട്ടുടമ പറയുന്നു. കുടുംബത്തെ പറ്റിയും വരുമാനത്തെ പറ്റിയും മക്കളെ പറ്റിയും അവരുടെ വിദ്യാഭ്യാസത്തെ പറ്റിയുമെല്ലാം അദ്ദേഹം വിശദമായി ചോദിച്ചറിഞ്ഞു. രാഹുലിനെപ്പോലെ ഒരു നേതാവ് വരുമ്പോള്‍ നമുക്ക് രാഷ്ട്രീയമില്ലെന്നും ബിജു ലോറന്‍സ് പറയുന്നു.

മത്സ്യത്തൊഴിലാളികളുമായി സംവദിക്കുന്നതിന് മുമ്പാണ് അദ്ദേഹം കടല്‍ യാത്ര നടത്തിയത്. മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക പ്രകടനപത്രിക തയാറാക്കുമെന്ന് രാഹുല്‍ ഗാന്ധി പിന്നീട് പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ന്യായ് പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമുണ്ടെന്ന ഉറപ്പ് നല്‍കിയാണ് രാഹുല്‍ മടങ്ങിയത്.