എം.ടിയെ സന്ദർശിച്ച് രാഹുല്‍ ഗാന്ധി; പേന സമ്മാനിച്ച് ഇതിഹാസ കഥാകാരന്‍

Jaihind Webdesk
Wednesday, July 26, 2023

 

മലപ്പുറം: ജ്ഞാനപീഠ പുരസ്കാര ജേതാവ് എം.ടി വാസുദേവൻ നായരെ സന്ദർശിച്ച് രാഹുൽ ഗാന്ധി. കോട്ടക്കൽ ആശുപത്രിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.  മലയാളത്തിന്‍റെ ഇതിഹാസ കഥാകാരന്‍ രാഹുല്‍ ഗാന്ധിക്ക് സ്‌നേഹ സമ്മാനമായി പേന നല്‍കി. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപിയും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.

എം.ടിയുടെ പുസ്തകങ്ങളെകുറിച്ചും സിനിമകളെക്കുറിച്ചും സംസാരിച്ച രാഹുൽ ഗാന്ധി എം.ടിയുടെ നിർമാല്യത്തെയും, വിഖ്യാതമായ നോവൽ രണ്ടാമൂഴത്തെയും പരാമർശിച്ചു. ആരോഗ്യവും പൊതുവിഷയവുമെല്ലാം ഇരുവരുടേയും ചർച്ചയിൽ കടന്നുവന്നു. അദ്ദേഹം സമ്മാനിച്ച പേന എന്നും നിധിപോലെ  കാത്തുസൂക്ഷിക്കുമെന്ന് രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു.  അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങൾ എല്ലാവർക്കും പ്രചോദനവും മാതൃകയുമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എല്ലാ വർഷവും കർക്കിടക മാസം പതിവുള്ള ചികിത്സയ്ക്കായാണ് എം.ടി കോട്ടക്കൽ ആര്യവൈദ്യശാലയിലെത്തിയത്.