രാഹുല്‍ ഗാന്ധി 14ന് കേരളത്തില്‍; കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും വീടുകള്‍ സന്ദര്‍ശിക്കും

Wednesday, March 6, 2019

വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിലേക്ക്. മാര്‍ച്ച് 13ന് രാത്രി കേരളത്തിലെത്തുന്ന അദ്ദേഹം 14ന് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.

മാര്‍ച്ച് 14ന് രാവിലെ 10 മണിക്ക് ന് തൃശൂരിൽ മത്സ്യത്തൊഴിലാളി പാർലമെന്‍റിൽ രാഹുല്‍ ഗാന്ധി പങ്കെടുക്കും. തുടർന്ന് പുൽവാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികൻ വി.വി വസന്തകുമാറിന്‍റെ വയനാട് ലക്കിടിയിലെ വീട്ടിലെത്തി ബന്ധുക്കളെ കാണും. പിന്നീട് കാസര്‍ഗോട്ടെത്തുന്ന അദ്ദേഹം പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട്ടിലെത്തും. വൈകിട്ട് 4 മണിക്ക് കോഴിക്കോട് ബീച്ചിൽ നടക്കുന്ന ജനമഹാറാലിയിലും പങ്കെടുത്തതിന് ശേഷം ഡല്‍ഹിക്ക് മടങ്ങും.