ഇന്ത്യയുടെ ഭാവിക്ക് ജാതി സെൻസസ് അനിവാര്യം, പ്രമേയം പാസാക്കി കോൺഗ്രസ്; പിന്നാക്ക വിഭാഗങ്ങള്‍ക്കായുള്ള പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തുരങ്കം വെക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

Jaihind Webdesk
Monday, October 9, 2023

 

ന്യൂഡല്‍ഹി: അധികാരത്തിലെത്തിയാൽ ഒബിസി വനിതകൾക്ക് സംവരണവും രാജ്യവ്യാപകമായി ജാതി സെൻസസും നടപ്പാക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഗെ. എഐസിസി ആസ്ഥാനത്ത് നടന്ന പ്രവർത്തകസമിതി യോഗത്തിന്‍റെ ആമുഖ പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യവ്യാപകമായി ജാതി സെൻസസ് എന്ന ആശയത്തെ പിന്തുണയ്ക്കാൻ കോണ്‍ഗ്രസ് പ്രവർത്തകസമിതി ഐകകണ്ഠ്യേന ‘ചരിത്രപരമായ തീരുമാനം’ എടുത്തതായി രാഹുൽ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ നടപടികളുമായി മുന്നോട്ടു പോകുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

നാലു മണിക്കൂര്‍ നീണ്ട പ്രവര്‍ത്തക സമിതിയിലെ പ്രധാന ചര്‍ച്ച ജാതി സെന്‍സസിനെ കുറിച്ചായിരുന്നു. രാജ്യത്ത് ജാതി സെൻസസ് നടപ്പാക്കണമെന്ന പ്രമേയം കോൺഗ്രസ് പ്രവർത്തകസമിതി പാസാക്കി. രാജ്യവ്യാപകമായി സര്‍ക്കാര്‍ ജാതി സെന്‍സെസ് നടപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പാവപ്പെട്ടവർക്കായുള്ള ശക്തമായ കാൽവെപ്പാണിതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. “ഇന്ത്യയുടെ ഭാവിക്ക് ജാതി സെൻസസ് അനിവാര്യമാണ്. ജാതി സെൻസസ് കഴിഞ്ഞാൽ വികസനത്തിന്‍റെ പുതിയ പാത തുറക്കും’’– രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രതിപക്ഷ ഇന്ത്യ മുന്നണിയിലെ ഭൂരിപക്ഷം പാർട്ടികള്‍ക്കും ഇതു സംബന്ധിച്ച് അനുകൂല നിലപാടാണ്. എതിർപ്പുകളുണ്ടെങ്കില്‍ അതിനെ ഉൾക്കൊള്ളുന്നുവെന്നും രാഹുൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒബിസി വിഭാഗങ്ങൾക്കായി ഒന്നും ചെയ്യുന്നില്ല. ജാതി സെന്‍സസില്‍ രാഷ്ട്രീയമില്ലെന്നും പിന്നാക്ക വിഭാഗങ്ങള്‍ക്കായുള്ള പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തുരങ്കം വെക്കുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.