ഗുജറാത്തില്‍ 40% പ്രതിപക്ഷ വോട്ടുകളുണ്ടെന്ന് രാഹുല്‍ ഗാന്ധി; രാജ്യത്തെ രാഷ്ട്രീയം മാറ്റാന്‍ കോണ്‍ഗ്രസിനു കഴിയും

Jaihind News Bureau
Saturday, March 8, 2025

കോണ്‍ഗ്രസ് പാര്‍ട്ടിയെ 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ രാഹുല്‍ ഗാന്ധി ഗുജറാത്തിലെത്തി. 40 ശതമാനം വോട്ടുകളും കോണ്‍ഗ്രസിനൊപ്പമാണ്. ”ജനങ്ങളോടൊപ്പം ചേരേണ്ടത് നമ്മുടെ ആവശ്യമാണ്. ഭാരത് ജോഡോ യാത്രയിലൂടെ അതു കാണിച്ചുതന്നു, കോണ്‍ഗ്രസിന് കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ജനങ്ങളുമായി എളുപ്പത്തില്‍ ബന്ധപ്പെടാന്‍ കഴിയും. രാജ്യത്തിന്റെ രാഷ്ട്രീയം നമുക്ക് മാറ്റാന്‍ കഴിയുമെന്ന് പ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി പറഞ്ഞു. തെലങ്കാനയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വോട്ട് ശതമാനം 22 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞുവെന്നത് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഗുജറാത്തില്‍ ബിജെപിയെ പരാജയപ്പെടുത്താനുള്ള ‘ശക്തമായ പദ്ധതി ലക്ഷ്യമിട്ട് രാഹുല്‍ ഗാന്ധി, സംസ്ഥാനത്തെ മുന്‍ പ്രസിഡന്റുമാര്‍, മുന്‍ പ്രതിപക്ഷ നേതാക്കള്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, ജില്ലാ നഗര പ്രസിഡന്റുമാര്‍, സംസ്ഥാനത്തെ വിവിധ സെല്ലുകളുടെ ഭാരവാഹികള്‍ എന്നിവരുമായി സംവദിച്ചു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി കോണ്‍ഗ്രസിന് ഗുജറാത്തിലെ ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ കഴിഞ്ഞിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ‘ബിജെപിയുമായി ഗൂഢാലോചന നടത്തുന്ന’തിനാലാണ് അതു സംഭവിക്കുന്നതെന്നും അദ്ദേഹം തുറന്നു പറഞ്ഞു. ബിജെപിയുമായി സഹകരിക്കുന്ന നേതാക്കളാണ് പാര്‍ട്ടിയുടെ പരാജയത്തിന് ഗുജറാത്തില്‍ കാരണമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ജനങ്ങള്‍, വ്യാപാരികള്‍, ചെറുകിട ഇടത്തരം സംരംഭങ്ങള്‍, കര്‍ഷകര്‍, തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ ഇവര്‍ക്കെല്ലാം പ്രതിപക്ഷസ്വരം ആവശ്യമാണ് . ‘ബിജെപിയുടെ ഒരു ബി-ടീം വേണ്ട… പാര്‍ട്ടിയിലെ ബിജെപി ആഭിമുഖ്യമുള്ളവരെ അരിച്ചുപെറുക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. അദ്ദേഹംപറഞ്ഞു.

ബിജെപിക്ക് വേണ്ടി പാര്‍ട്ടിക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് പുറത്തേയ്്കുള്ള വാതില്‍ കാണിച്ചുകൊടുക്കണമെന്ന് രാഹുല്‍ ഗാന്ധി. ഗുജറാത്തില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിക്കുള്ളിലെ വിമര്‍ശകര്‍ക്ക് പുറത്തേയ്ക്കുള്ള വാതില്‍ കാണിച്ചുകൊടുക്കേണ്ട സമയമാണിതെന്നും രാഹുല്‍ പറഞ്ഞു. 20-30 പേരെ പുറത്താക്കേണ്ടി വന്നാലും പാര്‍ട്ടി അത് ചെയ്യും. 2027ലെ സംസ്ഥാന തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ ഒരുക്കുന്നതിന്റ ഭാഗമായാണ് രാഹുല്‍ ഗാന്ധി ഗുജറാത്തില്‍ എത്തിയത്. അടുത്തമാസം അഹമ്മദാബാദില്‍ നടക്കുന്ന എഐസിസി സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ അദ്ദേഹം വിലയിരുത്തി

പാര്‍ട്ടിയുടെ ഭാവി നിലപാടുകളെ കുറിച്ച് വ്യക്തമായ ധാരണ അദ്ദേഹം പ്രവര്‍ത്തകര്‍ക്കു നല്‍കി. കോണ്‍ഗ്രസിനുള്ളില്‍ നിന്ന് ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍, അവരെ പുറത്താക്കും. ബിജെപിയില്‍ അങ്ങനെയുള്ളവര്‍ എത്തിയാല്‍ ഒരു മൂല്യവുമില്ലെന്ന് മനസ്സിലാകും. തെരഞ്ഞെടുപ്പുകളില്‍ ജയിക്കുന്നതും തോല്‍ക്കുന്നതും മറക്കുക, നേതാക്കളുടെ സിരകളിലൂടെ കോണ്‍ഗ്രസിന്റെ രക്തം ഒഴുകണം എന്നതാണ് പ്രധാനം. സംഘടനയുടെ നിയന്ത്രണം അത്തരം നേതാക്കളുടെ കൈകളിലായിരിക്കണം. നമ്മള്‍ ഇത് ചെയ്യുന്ന നിമിഷം, ഗുജറാത്തിലെ ജനങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കും, നമ്മള്‍ തിരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കേണ്ടതില്ല – ഇത് രണ്ട്-മൂന്ന് വര്‍ഷത്തെ പദ്ധതിയല്ല, മറിച്ച് 50 വര്‍ഷത്തെ പദ്ധതിയാണ്. രാഹുല്‍ വിശദീകരിച്ചു.

പാര്‍ട്ടിക്കുള്ളിലെ വിമര്‍ശകരെ ‘അരിച്ചുമാറ്റുന്നത്’ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പാര്‍ട്ടിയിലുള്ള വിശ്വാസം കൂട്ടാന്‍ സഹായിക്കും. വരും ദിവസങ്ങളില്‍ ഗുജറാത്തിലെ ജനങ്ങളുമായി ‘ഗാഢമായ ഒരു ബന്ധം കെട്ടിപ്പടുക്കാനും കോണ്‍ഗ്രസ് നേതാക്കളുടെ മറഞ്ഞിരിക്കുന്ന ആത്മവിശ്വാസം പുറത്തുകൊണ്ടുവരാനുള്ള ‘ഉത്തരവാദിത്തം’ താന്‍ നിറവേറ്റുമെന്നും രാഹുല്‍ പറഞ്ഞു. പ്രവര്‍ത്തകര്‍ക്ക് വര്‍ദ്ധിച്ച ഊര്‍ജ്ജത്തോടെ പ്രവര്‍ത്തിക്കാനും ലക്്ഷ്യബോധം ഉറപ്പിക്കാനും രാഹുല്‍ ഗാ്ന്ധിയുടെ വാക്കുകള്‍ക്കു കഴിഞ്ഞു എന്നതായിരുന്നു ആ യോഗത്തിന്റെ പ്രത്യേകത.