‘കശ്മീരിന്‍റെ സംസ്ഥാന പദവിക്കായി പോരാടും ‘ : രണ്ട് ദിവസത്തെ സന്ദർശനത്തിന് രാഹുല്‍ ഗാന്ധി ശ്രീനഗറില്‍

Jaihind Webdesk
Tuesday, August 10, 2021

ജമ്മുകശ്മീർ :രണ്ട് ദിവസത്തെ സന്ദർശനത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സംഘവും ജമ്മുകശ്മീരിലെത്തി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര നടപടിയെ നിശിതമായി വിമര്‍ശിച്ച രാഹുല്‍ ഗാന്ധി, ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്നും സ്വതന്ത്രമായി തെരഞ്ഞെടുപ്പ് നടത്തണമെന്നും ആഹ്വാനം ചെയ്തു.

‘ഞങ്ങളുടെ കുടുംബം ഡൽഹിയിലും അതിനുമുമ്പ് അലഹബാദിലും അതിനുംമുമ്പ് കശ്മീരിലുമായിരുന്നു താമസിച്ചിരുന്നത്. ഞാനും കാശ്മീരിയ്യത്തില്‍ വിശ്വസിക്കുന്നു. എന്‍റെ സിരകളിലുമുണ്ട് കാശ്മീരിയ്യത്,’ രാഹുല്‍ പറഞ്ഞു.

‘കശ്മീര്‍ വിഷയം പരിഹരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചെങ്കിലും ബിജെപി എല്ലാ നല്ല പ്രവർത്തനങ്ങളും തകർത്തു. കശ്മീര്‍ ജനതയുടെ വേദന മനസ്സിലാക്കുന്നു. ഞാന്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കും. സംസ്ഥാന പദവി ലഭിക്കാൻ പോരാടും,’ രാഹുല്‍ കൂട്ടിച്ചേര്‍ത്തു. പെഗാസസ് വിഷയമുള്‍പ്പെടെ പാര്‍ലമെന്‍റില്‍ ഉന്നയിക്കാന്‍ അനുവദിക്കാത്ത കേന്ദ്ര നിലപാടിനെ രാഹുല്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനൊപ്പമാണ് രാഹുൽ ശ്രീനഗറിലെത്തിയത്. ശ്രീനഗറിലെ കോണ്‍ഗ്രസ് ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്ത ശേഷം കശ്മീരിലെ പ്രധാന നേതാക്കളുമായി രാഹുൽ കൂടിക്കാഴ്ച നടത്തും. കശ്മീരിലെ പ്രശസ്തമായ തീർഥാടന കേന്ദ്രങ്ങളും രാഹുൽ സന്ദർശിക്കും.