രാജ്യം നിയന്ത്രിക്കുന്നത് ചില വ്യവസായികള്‍; ഹിന്ദുത്വവാദികളെ അധികാരത്തില്‍ നിന്ന് പുറത്താക്കണം: രാഹുല്‍ ഗാന്ധി

 

ജയ്പൂര്‍ : കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. രാജ്യം ഭരിക്കുന്നത് വ്യാജ ഹിന്ദുക്കളെന്ന് രാഹുൽ ഗാന്ധി. അധികാരത്തിന് വേണ്ടി മാത്രം നിലകൊളളുന്ന ഹിന്ദുത്വ വാദികളെ പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ജയ്പൂരിൽ കോൺഗ്രസിന്‍റെ മഹാറാലിയെ അഭിസംബോധന ചെയ്ത് സാസരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്ന മഹാറാലി സംഘടിപ്പിച്ചത്.

കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന മഹാറാലിയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായമായ വിമർശനങ്ങളാണ് രാഹുൽ ഗാന്ധി ഉന്നയിച്ചത്. ചില വ്യവസായികളാണ് രാജ്യം നിയന്ത്രിക്കുന്നതെന്നും രാജ്യത്തിന്‍റെ സമ്പദ് മേഖല ഇവരുടെ കൈയിലാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വർഗീയമായ വിഭജിക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. ഹിന്ദുവും ഹിന്ദുത്വവും രണ്ടാണ്. താൻ ഒരു ഹിന്ദുവാണ് എന്നാൽ ഹിന്ദുത്വ വാദിയല്ല. ഹിന്ദുത്വ വാദികളെ അധികാരത്തിൽ നിന്ന് പുറത്താക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

‘ഹിന്ദുവും ഹിന്ദുത്വയും രണ്ട് വ്യത്യസ്ത വാക്കുകളാണ്. ഞാൻ ഹിന്ദുവാണ്, പക്ഷേ ഹിന്ദുത്വവാദിയല്ല. മഹാത്മാഗാന്ധി ഒരു ഹിന്ദുവായിരുന്നു, ഗോഡ്‌സെ ഹിന്ദുത്വവാദിയും. ഹിന്ദു സത്യാന്വേഷണം തുടരുന്നു. ഹിന്ദുത്വവാദിക്ക്  അധികാരം മാത്രമേ ലക്ഷ്യമുള്ളൂ. മഹാത്മാഗാന്ധി തന്‍റെ ജീവിതകാലം മുഴുവൻ സത്യത്തിനായി ചെലവഴിച്ചു. ഒരു ഹിന്ദുത്വവാദി അദ്ദേഹത്തിന്‍റെ നെഞ്ചിൽ വെടിവെച്ചു കൊലപ്പെടുത്തി’ –  രാഹുൽ ഗാന്ധി പറഞ്ഞു.

കോർപ്പറേറ്റുകൾക്ക് വേണ്ടി മാത്രമാണ് മോദി സർക്കാർ പ്രവർത്തിക്കുന്നത്. രാജ്യത്തിന്‍റെ സമ്പദ് മേഖല അടക്കം നിയന്ത്രിക്കുന്നത് ചില വ്യവസായികളാണ്. വിലക്കയറ്റം മൂലം ജനം നട്ടം തിരിയുമ്പോൾ കേന്ദ്ര സർക്കാർ കൈയും കെട്ടി നോക്കിനിൽക്കുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. എഐസിസി ജനറൽ സെക്രട്ടറി പിയങ്കാ ഗാന്ധിയും കേന്ദ്രസർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു. ചില ഗോസായിമാർക്ക് വേണ്ടിയാണ് കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നതെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു.

സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി, മല്ലികാർജുൻ ഖാർഖെ, അധീർ രഞ്ജൻ ചൗധരി, കമൽ നാഥ്, സച്ചിൻ പൈലറ്റ്, അജയ് മാക്കൻ, ബിവി ശ്രീനിവാസ് എന്നിവർക്ക് പുറമെ മുഖ്യമന്ത്രിമാരായ അശോക് ഗഹലോട്ട്, ഭൂപേഷ് ബാഘൽ, ചരംജിത് സിംഗ് ചന്നി തുടങ്ങിയവരും മാഹാറാലിയുടെ ഭാഗമായി. കേരളത്തിൽ നിന്ന് കെപിസിസി പ്രസിഡന്‍റ് കെസുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവരും മഹാ റാലിയിൽ പങ്കെടുത്തു.

 

Comments (0)
Add Comment