മണ്ഡലത്തിലെ പൊലീസുദ്യോഗസ്ഥർക്ക് രാഹുല്‍ ഗാന്ധിയുടെ സ്നേഹസമ്മാനം ; കൈമാറി പ്രതിപക്ഷ നേതാവ്

Jaihind Webdesk
Friday, June 18, 2021

കല്‍പ്പറ്റ : പ്രതികൂല കാലവസ്ഥയിലും കൊവിഡ് പ്രതിരോധത്തിന് മുന്‍നിരയിലുള്ള പൊലീസ് സേനയോടുള്ള കരുതലും ആദരവുമായി രാഹുല്‍ ഗാന്ധിയുടെ വേറിട്ട സമ്മാനം. വയനാട് ലോക്സഭാ മണ്ഡലത്തിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും സ്വന്തം ചെലവില്‍ മഴക്കോട്ടുകൾ എത്തിച്ചുനല്‍കി. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പി.കെ കുഞ്ഞാലിക്കുട്ടി എംഎൽഎ എന്നിവർ ചേർന്ന് മഴക്കോട്ടുകൾ പൊലീസിന് കൈമാറിയത്. വയനാട് പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാരൻ ഐപിഎസ് കിറ്റുകള്‍ ഏറ്റുവാങ്ങി.

കഴിഞ്ഞ വർഷവും സ്വന്തം നിലയിലും എംപി ഫണ്ട് ഉപയോഗിച്ചും  രാഹുൽ ഗാന്ധി വയനാടിനെ ചേര്‍ത്തുപിടിച്ചിരുന്നു.  പാർലമെന്‍റ് മണ്ഡലത്തിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങൾക്കും പൾസ് ഒക്സീ മീറ്ററുകള്‍ അദ്ദേഹം എത്തിച്ചിരുന്നു. കൽപ്പറ്റ, മുക്കം ഓഫീസുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്ക്ക് വഴി കൊവിഡ് രോഗികൾക്കുള്ള മരുന്നും, മറ്റ് സഹായങ്ങളും എത്തിക്കുന്നുണ്ട്. എം.പി ഫണ്ടിൽ നിന്ന് 2.45 കോടിയോളം രൂപ ഇതിനോടകം കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനായി ചെലവഴിച്ചിട്ടുണ്ട്.