മാണി.സി.കാപ്പന്‍റെ സ്മാഷുകള്‍ ജോസ് കെ മാണിക്ക് തടുക്കാനാവില്ല ; കാപ്പന്‍ വീണ്ടും ജയിക്കും; രാഹുല്‍ ഗാന്ധി

Jaihind News Bureau
Tuesday, March 23, 2021

 

പാല: യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പന്‍റെ സ്മാഷുകൾ  ജോസ് കെ മാണിക്ക് തടുക്കാനാവില്ലെന്ന്  രാഹുൽ ഗാന്ധി. “സർവീസുകൾ തന്നെ എതിരാളിക്ക് താങ്ങാനാവില്ല, പിന്നെയല്ലേ സ്മാഷ് “. ചെറുപ്പകാലത്ത് വോളിബോൾ ഗ്രൗണ്ടിൽ ആവേശം നിറച്ച താരമായിരുന്നു മാണി സി കാപ്പനെന്നും രാഹുൽ പറഞ്ഞു. “പാലയ്ക്കായി വലിയ സേവനമാണ് മാണി സി കാപ്പൻ വീണ്ടും ജയിക്കുന്നതിലൂടെ പോകുന്നത്. ജനങ്ങളിലേക്കു പണമെത്തിച്ചാൽ മാത്രമേ രാജ്യത്തിന്‍റെ സാമ്പത്തികസ്ഥിതി മെച്ചമാകൂ. എന്നാൽ ജനങ്ങളുടെ കയ്യിൽ നിന്നു പണം കൊള്ളയടിക്കുകയാണു കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങൾ. ജനങ്ങളിലേക്കു പണമെത്തിക്കുകയും പുതിയ സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുകയുമാണു ന്യായ് പദ്ധതിയിലൂടെ യുഡിഎഫ് ലക്ഷ്യമിടുന്നത് രാഹുൽ പറഞ്ഞു. അതൊരു സൗജന്യമോ സമ്മാനമോ നൽകലല്ല”

“സാമാന്യബുദ്ധി ഉപയോഗിച്ചുള്ള സാമ്ബത്തികശാസ്ത്ര പ്രയോഗമാണത്. സാധാരണക്കാരന്‍റെ കൈകളിലെത്തുന്ന പണം അവർ വഴി വിപണിയിലെത്തും. സാധനസാമഗ്രികൾ ചെലവാകും. അപ്പോൾ സാധനസാമഗ്രികൾ പുതുതായി വൻതോതിൽ ഉൽപാദിപ്പിക്കപ്പെടും. ഉൽപാദനം കൂട്ടാൻ തൊഴിൽശാലകൾ സജീവമാകും. അതോടെ തൊഴിലാളികൾക്കു കൂടുതൽ തൊഴിലുണ്ടാകും. ഇത്തരത്തിലൊരു സാമ്പത്തിക ചക്രമാണു യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ കേരളത്തിൽ സംഭവിക്കാൻ പോകുന്നത്”.

പെട്രോൾ ഇല്ലാത്ത കാർ സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കും പോലെയാണു മുഖ്യമന്ത്രി സമ്പദ്ഘടനയെ ഉണർത്താൻ ശ്രമിക്കുന്നത്. ജനങ്ങളുടെ നികുതിഭാരം കുറയ്ക്കണം. ജനങ്ങളിലേക്കു നേരിട്ടു പണം എത്തിക്കാനുള്ള ശ്രമങ്ങളാണു യുഡിഎഫ് നടത്തുന്നതെന്നും രാഹുൽഗാന്ധി പറഞ്ഞു.