ടാറ്റ പവറിനെ വയനാട്ടില്‍ എത്തിച്ച് രാഹുല്‍ ഗാന്ധി; ധാരണാപത്രം ഒപ്പുവെച്ചു

Jaihind Webdesk
Wednesday, March 9, 2022

കല്‍പ്പറ്റ: മാനന്തവാടിയിലെ കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നൈപുണ്യ പരിശീലന കേന്ദ്രം നടത്തുന്നതിന് ടാറ്റ പവര്‍ കമ്യൂണിറ്റി ഡെവലപ്മെന്‍റ് ട്രസ്റ്റിനെ വയനാട്ടില്‍ എത്തിച്ച് രാഹുല്‍ ഗാന്ധി എംപി. മാനന്തവാടിയിലെ കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നൈപുണ്യ പരിശീലന കേന്ദ്രം നടത്തുന്നതിന് ടാറ്റ പവര്‍ കമ്യൂണിറ്റി ഡെവലപ്മെന്‍റ് ട്രസ്റ്റും അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമും (അസാപ്) തമ്മില്‍ ധാരണാപത്രം വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ഒപ്പുവെച്ചു.

തൊഴില്‍ രഹിതരായ യുവാക്കളുടെ വലിയൊരു കൂട്ടം വയനാട്ടിലുണ്ട്. നൈപുണ്യ പരിശീലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു സര്‍ക്കാര്‍ കമ്പനിയാണ് അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്), കേരളം. 2012-ലാണ് ഇത് സ്ഥാപിതമായത്. 25,000 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന അത്യാധുനിക പരിശീലന സൗകര്യമായ മാനന്തവാടിയിലെ കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് അസാപ് സ്ഥാപിച്ചത്. കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് (സിഎസ്പി) നൈപുണ്യ പരിശീലനത്തിനായി ഒരു പിപിപി മാതൃകയാണ് വിഭാവനം ചെയ്യുന്നത്. അസാപ് ഭാരവാഹികള്‍ അനുയോജ്യമായ പരിശീലന പങ്കാളിയെ കണ്ടെത്താന്‍ രാഹുല്‍ ഗാന്ധിയുടെ പിന്തുണ തേടിയിരുന്നു. അസാപ്പുമായുള്ള പ്രാഥമിക ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍, ടാറ്റ പവര്‍ കമ്യൂണിറ്റി ഡെവലപ്മെന്‍റ് ട്രസ്റ്റിനെ എംപിയുടെ ഓഫീസ് സാധ്യതയുള്ള പങ്കാളിയായി തിരിച്ചറിഞ്ഞു. ടാറ്റാ പവര്‍ സ്‌കില്‍ ഡെവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയിലുടനീളം ആറ് നൈപുണ്യ വികസന സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. വയനാട്ടില്‍ ഫീസ് അടക്കാനുള്ള വിദ്യാര്‍ത്ഥികളുടെ പരിമിതമായ കഴിവ് നിരവധി പഠനങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനാല്‍ സൗജന്യ പരിശീലനം നല്‍കുന്ന ഒരു പങ്കാളിയെ എംപിയുടെ ഓഫീസ് പ്രത്യേകം അന്വേഷിച്ചു. അസാപ്പും ടാറ്റ പവര്‍ കമ്മ്യൂണിറ്റി ഡെവലപ്മെന്‍റ് ട്രസ്റ്റും തമ്മിലുള്ള ധാരണാപത്രം ഒപ്പിടുന്നത് സുഗമമാക്കുന്നതില്‍ രാഹുല്‍ ഗാന്ധി സജീവമായ പങ്കാണ് വഹിച്ചത്. കരാര്‍ പ്രകാരം ടാറ്റ പവര്‍ കമ്മ്യൂണിറ്റി ഡെവലപ്മെന്‍റ് ട്രസ്റ്റ് 3 വര്‍ഷത്തേക്ക് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ഏറ്റെടുക്കുകയും പ്രസക്തമായ നൈപുണ്യ പരിശീലന പരിപാടികള്‍ നടത്തുകയും ചെയ്യും.

ഐഐഎം കോഴിക്കോട് നടത്തിയ നീഡ് അസസ്മെന്‍റ് സര്‍വേയുടെ അടിസ്ഥാനത്തില്‍ ടാറ്റ പവര്‍ കമ്യൂണിറ്റി ഡെവലപ്മെന്റ് ട്രസ്റ്റാണ് വാര്‍ഷിക പരിശീലന പദ്ധതി തയ്യാറാക്കിയത്. പദ്ധതി പ്രകാരം പ്രതിവര്‍ഷം 855 വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. പരിപാടി ടാറ്റ പവറിന്‍റെ സിഎസ്ആര്‍ മാന്‍ഡേറ്റിന്‍റെ ഭാഗമായതിനാല്‍, ട്രെയിനികളില്‍ നിന്ന് ഫീസ് ഈടാക്കില്ല. ഹോം ഓട്ടോമേഷന്‍ ഉള്ള അഡ്വാന്‍സ്ഡ് ഇലക്ട്രീഷ്യന്‍, സോളാര്‍ പിവി/ റൂഫ്ടോപ്പ് പ്രൊഫഷണല്‍, സോളാര്‍ പിവി/ റൂഫ്ടോപ്പ് ഇന്‍സ്റ്റാളേഷനും പരിപാലനവും, എഞ്ചിനീയര്‍മാര്‍ക്കും പ്രൊഫഷണലുകള്‍ക്കുമുള്ള വ്യാവസായിക സുരക്ഷ, എല്‍വി/എംവി കേബിള്‍ ജോയിന്റര്‍ എന്നിവയാണ് ഓഫര്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ച പ്രോഗ്രാമുകള്‍. വര്‍ഷത്തില്‍ 520 പേരാണ് ഇത്രയും പ്രോഗ്രാമുകളിലായി പരിശീലനം നേടുക. ടാറ്റ സ്ട്രൈവിന്‍റെ ഭാഗമായി യുവജന വികസന മൊഡ്യൂളിനായുള്ള പരിശീലകരെ പരിശീലിപ്പിക്കുക,പരിശീലകരുടെ യുവജന വികസന മൊഡ്യൂള്‍ കോഴ്‌സ്, യു എക്‌സ് ഡിസൈന്‍, ഐ ടി സപ്പോര്‍ട്ട് എഞ്ചിനീയര്‍, ഡാറ്റ സയന്‍സ് എന്നിങ്ങനെയുള്ള പ്രോഗാമുകളും നടക്കും. വര്‍ഷത്തില്‍ 335 പേരാണ് പരിശീലനം നേടുക. ജില്ലാ കളക്ടര്‍ എ ഗീത; അസാപ് എംഡി ഉഷ ടൈറ്റസ്, ടാറ്റ പവര്‍, കമ്മ്യൂണിക്കേഷന്‍സ്, സിഎസ്ആര്‍, സുസ്ഥിരത എന്നിവയുടെ ചീഫ് ബ്രാന്‍ഡിംഗ്, ജ്യോതി കുമാര്‍ ബന്‍സാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.