ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെയും ഇന്ത്യാ മുന്നണിയുടെയും മിന്നുന്ന പ്രകടനത്തിന്‍റെ മധുരം നുകര്‍ന്ന്, പോരാട്ടം മുന്നില്‍ നിന്നു നയിച്ച രാഹുല്‍ ഗാന്ധിക്ക് ഇന്ന് അമ്പത്തിനാലാം പിറന്നാള്‍. പോരാട്ടവീര്യത്തിന്‍റെ കരുത്തുമായി യുവത്വത്തിന്‍റെ പ്രസരിപ്പോടെയാണ് 54-ന്‍റെ നിറവിലേക്ക് രാഹുല്‍ പദമൂന്നുന്നത്. ഇന്ത്യയുടെ രാഷ്ട്രീയഭൂമികയില്‍ പിച്ചവെച്ച് തുടങ്ങിയ രാഹുല്‍ ഇന്ന് കരുത്തുറ്റ ചുവടുകളുമായി, എതിരാളികളെ നിലംപരിശാക്കുന്ന ആശയപോരാട്ടത്തിന്‍റെ കണിശമാർന്ന വാക്ശരങ്ങളുമായി, ഇന്ത്യയെന്ന രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കാന്‍ പ്രതിജ്ഞ ചെയ്ത കാവല്‍പ്പോരാളിയായി നിലകൊള്ളുന്നു. രാജ്യത്തെ ജനങ്ങളെ സ്നേഹത്തിന്‍റെ നൂലിനാല്‍ ബന്ധിച്ച് വെറുപ്പിന്‍റെ കമ്പോളത്തില്‍ സ്നേഹത്തിന്‍റെ കടകള്‍ തുറക്കാനാകുമെന്നും രാഹുല്‍ തന്‍റെ പ്രവൃത്തിയിലൂടെ സാക്ഷ്യപ്പെടുത്തി.
1970 ജൂണ്‍ 19-നാണ് രാജീവ് ഗാന്ധിയുടേയും സോണിയാ ഗാന്ധിയുടേയും മൂത്ത പുത്രനായി രാഹുല്‍ പിറന്നത്. പ്രധാനമന്ത്രിയായിരിക്കെ മുത്തശ്ശി ഇന്ദിരാ ഗാന്ധിയുടെയും പിതാവ് രാജീവ് ഗാന്ധിയുടേയും കൊലപാതകത്തില്‍ തളരാത്ത ബാല്യവും യൗവ്വനവും. സേവനം വ്രതമാക്കിയ അച്ഛനെയും അമ്മയെയും കണ്ട് പിച്ചവെച്ച് തുടങ്ങിയ മകന്‍ അതേ പാതയില്‍ ജനങ്ങളിലൊരാളായി പ്രവര്‍ത്തിക്കുന്നുവെന്നതില്‍ അതിശയോക്തി തെല്ലുമില്ല. ബാല്യത്തില്‍ തന്നെ പിതാവിനെയും മുത്തശ്ശിയെയും രാഹുലിന് നഷ്ടമായി. സ്‌കൂള്‍, കോളേജ് വിദ്യാഭാസം പൂര്‍ത്തിയാക്കിയ രാഹുല്‍ പിന്നീട് പൊതു പ്രവര്‍ത്തനത്തില്‍ സജീവമായി. എന്നും സമൂഹത്തിന്‍റെ താഴേത്തട്ടിലുള്ളവരുടെ പക്ഷത്തായിരുന്നു രാഹുല്‍.
2004-ല്‍ പിതാവ് രാജീവ് ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ നിന്നും ആദ്യമായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രാഹുലിനെ പിന്നീട് ജനങ്ങള്‍ കോണ്‍ഗ്രസിന്‍റെ നേതാവായി കണ്ടു. ധീരമായ നിലപാടും രാഷ്ട്രീയ ഇച്ഛാശക്തിയും കൈമുതലായുള്ള രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് പുതിയ ദിശാബോധം നല്‍കി എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ജനഹിതമറിഞ്ഞ്, അവരിലൊരാളായി പ്രവര്‍ത്തിക്കുന്ന രാഹുല്‍ ഗാന്ധി കാലഘട്ടത്തിന്‍റെ നേതാവാണെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പിലുടനീളം ദര്‍ശിക്കുകയും ചെയ്തു. നരേന്ദ്ര മോദിയുടെയും സംഘപരിവാറിന്‍റെയും ആശയങ്ങള്‍ക്ക് എതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് രാഹുല്‍ നടത്തുന്നത്. ഏറെ പരിഹാസങ്ങള്‍ കേള്‍ക്കേണ്ടിവന്നെങ്കിലും പിന്മാറാന്‍ രാഹുല്‍ തയാറായിരുന്നില്ല. പരിഹസിച്ചവരെക്കൊണ്ട് പോലും കയ്യടിപ്പിച്ച പോരാട്ടവീര്യത്തിനൊപ്പം ദൃഢനിശ്ചയവും ദീർഘവീക്ഷണവും ക്ഷമയും കൈമുതലുള്ള നേതാവ്. ഇന്ന് എതിരാളികള്‍ ഭയക്കുന്ന ശബ്ദമായി രാഹുല്‍ മാറി എന്നത് അദ്ദേഹത്തിന്‍റെ വളർച്ചയെ രേഖപ്പെടുത്തുന്നു. വീട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ക്കുള്ള അംഗീകാരമായി തിരഞ്ഞടുപ്പില്‍ ഇന്ത്യാ മുന്നണിയുടെ മികച്ച പ്രകടനം. രാജ്യത്തിന്‍റെ ഭരണഘടന ഉയർത്തിപ്പിടിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി നടത്തിയ പോരാട്ടം എതിരാളികള്‍ക്ക് ശക്തമായ താക്കീതായി മാറി.
ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന ആപ്തവാക്യവുമായി ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞ് രാഹുല്‍ നടത്തിയ ഭാരത് ജോഡോ യാത്രകള്‍ പകരംവെക്കാനില്ലാത്ത നേട്ടമായി നിലകൊള്ളുന്നു. ഒരു നേതാവിനും അവകാശപ്പെടാന്‍ കഴിയാത്ത, സമാനതകളില്ലാത്ത അടയാളപ്പെടുത്തലായി ഭാരത് ജോഡോ യാത്ര ചരിത്ര താളുകളില്‍ സുവർണ്ണലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ടു. ഇന്ത്യയുടെ മണ്ണില്‍ പടർന്നുപിടിക്കാന്‍ തുടങ്ങിയ വെറുപ്പിന്‍റെ കമ്പോളത്തില്‍ സ്‌നേഹത്തിന്‍റെ കട തുറന്നു രാഹുല്‍. സാധാരണക്കാരിലൊരാളായി, അവരുടെ ശബ്ദമായി അയാള്‍ തന്‍റെ ചുവടുകള്‍ വെച്ച് നടന്നുകയറിയത് ജനങ്ങളുടെ ഹൃദയങ്ങളിലേക്ക് തന്നെയായിരുന്നു. കന്യാകുമാരി മുതല്‍ കശ്മീർ വരെ ഇന്ത്യയൊട്ടാകെ പദയാത്ര ചെയ്യുക എന്ന കഠിനലക്ഷ്യം പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടേക്കാമെന്ന് എതിരാളികള്‍ മാത്രമായിരിക്കില്ല ഒരുപക്ഷെ കരുതിയിരുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധിയെന്ന കരുത്തനായ നേതാവിന്‍റെ നിശ്ചയദാർഢ്യത്തിനും മനോവീര്യത്തിനും മുന്നില്‍ സകല പ്രതിബന്ധങ്ങളും വഴിമാറി. രാഹുലിന്‍റെ കിരീടത്തിലെ പൊന്‍തൂവലായി ഭാരത് ജോഡോ യാത്ര എക്കാലവും പ്രശോഭിക്കും. ആര്‍ക്കും കയ്യെത്തിപ്പിടിക്കാനാകാത്ത ചരിത്രയാത്രയുടെ അനുഭസമ്പത്തുമായി, സ്ഫുടം ചെയ്തെടുത്ത മനസും ശരീരവുമായി, കർമ്മപഥത്തില്‍ ഉറച്ച കാല്‍വെപ്പുകളോടെ തലയെടുപ്പോടെ രാഹുല്‍ തന്‍റെ യാത്ര തുടരുന്നു.
ഭരണഘടനയെയും ഇന്ത്യയുടെ വൈവിധ്യത്തെയും സംരക്ഷിക്കാനായി മുന്‍നിര പോരാളിയായി രാഹുല്‍ ഗാന്ധിയുണ്ട്. ഫാസിസം പിടിമുറുക്കാന്‍ ശ്രമിക്കുന്ന കാലഘട്ടത്തില്‍ ഒട്ടനവധി പേരുടെ അസ്തമിക്കാത്ത പ്രതീക്ഷയാണ് രാഹുല്‍… സധൈര്യം മുന്നോട്ടു ചുവടുവെക്കാനുള്ള ധൈര്യമാണ് രാഹുല്‍. ചവിട്ടിത്താഴ്ത്താന്‍ ശ്രമിച്ചവരുടെ മുന്നിലേക്ക് ഒരു തീജ്വാലയായി, ഒരു ജനതയുടെ മുഴുവന്‍ പ്രത്യാശയും ആവേശവുമായി രാഹുല്‍ ഉദിച്ചുയർന്നു. വർഷങ്ങളുടെ പോരാട്ടവീര്യത്തിലൂടെ രാഹുല്‍ ആർജ്ജിച്ചെടുത്ത ഉള്‍ക്കരുത്തിന്‍റെ ആയുധത്തിന് എതിരാളികളെ അടിയറവ് പറയിക്കാനുള്ള മൂര്‍ച്ചയുണ്ട്. ഇന്ത്യയെന്ന ആശയത്തെ, അതിന്‍റെ സംസ്കാരത്തെ, വൈവിധ്യത്തെ കാത്തുസൂക്ഷിക്കുന്ന ഒരു നെടുങ്കന്‍ കോട്ടയായി രാഹുല്‍ നിലകൊള്ളുന്നു, എതിരാളികളുടെ ഏതു ബ്രഹ്മാസ്ത്രങ്ങളെയും തകർക്കാന്‍ കഴിയുന്ന കരുത്തുമായി. ജനങ്ങളുടെ പ്രിയങ്കരനായ നായകന്, ഹൃദയങ്ങളിലെ രാഗായ്ക്ക് ജന്മദിന ആശംസകള്‍…