സൈനികരെ ആയുധമില്ലാതെ പറഞ്ഞുവിട്ടതെന്തിന് ?; കേന്ദ്രത്തിനെതിരെ വീണ്ടും ചോദ്യമുയര്‍ത്തി രാഹുല്‍ ഗാന്ധി

Jaihind News Bureau
Thursday, June 18, 2020

ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. സൈനികരെ ആയുധമില്ലാതെ പറഞ്ഞുവിട്ടതെന്തിനെന്നും നിരായുധരായ സൈനികരെ ചൈന വധിച്ചതെങ്ങനെയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

വിഷയത്തില്‍ കേന്ദ്രസസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ കഴിഞ്ഞദിവസവും രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. നമ്മുടെ 20 സൈനികര്‍ വീരമൃത്യു വരിക്കേണ്ടി വന്നിട്ടും പ്രധാനമന്ത്രി നിശബ്ദത പാലിക്കുന്നത് എന്തുകൊണ്ടാണെന്നും അതിർത്തിയില്‍ സംഭവിച്ചതിന്‍റെ സത്യാവസ്ഥ രാജ്യത്തിന് അറിയണമെന്നും  അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

അതേസമയം ലഡാക്കിലെ ഗാൽവാൻ താഴ്‍വരയിൽ നടന്ന ചൈനീസ് പ്രകോപനത്തിൽ മൂന്ന് ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത് എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. പിന്നാലെ തന്നെ 20 സൈനികർ വീരമൃത്യു മരിച്ചതായി റിപ്പോർട്ട് പുറത്തുവന്നു. 100 ൽ അധികം സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇത്ര വലിയ അക്രമം ഉണ്ടായിട്ടും വിഷയത്തിൽ കൃത്യമായ വിശദീകരണം നൽകാൻ പോലും ഇതുവരെയും കേന്ദ്രസർക്കാർ തയാറായിട്ടില്ല.