
സൈബര്‍ അധിക്ഷേപ കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 16 ദിവസത്തിനു ശേഷമാണ് രാഹുല്‍ ഈശ്വറിന് ജാമ്യം ലഭിക്കുന്നത്. നേരത്തെ, അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ നിഷേധിച്ചിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ തിരിച്ചറിയാന്‍ സാധിക്കുന്ന തരത്തില്‍ സാമൂഹിക മാധ്യമത്തില്‍ വീഡിയോ പങ്കുവെച്ചതിനാണ് രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തത്. യുവതിയുടെ വ്യക്തിത്വം വെളിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ദുരുപയോഗം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെടുത്തത്. കേസില്‍ രാഹുല്‍ ഈശ്വറിനെക്കൂടാതെ സന്ദീപ് വാര്യര്‍ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.
അറസ്റ്റിന് പിന്നാലെ രാഹുല്‍ നിരാഹാരസമരം അടക്കമുള്ള നടപടികളിലേക്ക് നീങ്ങിയതിനാല്‍ ചോദ്യം ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് വീണ്ടും കസ്റ്റഡി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഈ ഘട്ടത്തില്‍ കോടതി ജാമ്യം നിഷേധിച്ചു. എന്നാല്‍, അതിജീവിതകളെക്കുറിച്ചുള്ള പോസ്റ്റുകള്‍ പിന്‍വലിക്കാമെന്നും, ഇനിയൊരിക്കലും അതിജീവിതകള്‍ക്കെതിരെ പോസ്റ്റിടില്ലെന്നും രാഹുല്‍ ഈശ്വര്‍ കോടതിയില്‍ ഉറപ്പു നല്‍കി. നേരത്തെ ഇട്ട പോസ്റ്റുകളെല്ലാം പിന്‍വലിക്കുകയും ചെയ്തിരുന്നു. ഈ കാര്യങ്ങള്‍ പരിഗണിച്ചാണ് തിരുവനന്തപുരം ജില്ലാ കോടതി ഇന്ന് ജാമ്യം അനുവദിച്ചത്.