തിരുവമ്പാടിയ്ക്ക് ആവേശമായി രാഹുൽഗാന്ധിയുടെ സന്ദർശനം

Jaihind Webdesk
Wednesday, April 17, 2019

തിരുവമ്പാടിയിൽ ആവേശമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ സന്ദർശനം. കനത്ത ചൂടിനെ വകവെക്കാതെ പതിനായിരങ്ങളാണ് സമ്മേളന വേദിയായ സേക്രട്ട് ഹാർട്ട് ഹൈസ്കൂൾ ഗ്രൗണ്ടിൽ തടിച്ചുകൂടിയത്.

ബത്തേരിയിൽ നിന്നും ഒരു മണിയോടു കൂടി രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്റർ തിരുവമ്പാടിയുടെ മണ്ണിലേക്ക് പറന്നിറങ്ങി. കോഴിക്കോട് യുഡിഎഫ് സ്ഥാനാർത്ഥി എം.കെ രാഘവൻ, എം.കെ.മുനീർ എംഎൽഎ ഡിസിസി പ്രസിഡൻറ് ടി.സിദ്ദിഖ് ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ സ്വീകരിക്കാൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു. നേതാക്കളെ അഭിവാദ്യം ചെയ്ത ശേഷം നേരേ സമ്മേളന വേദിയിയായ സേക്രട്ട് ഹാർട്ട് ഹൈസ്കൂൾ ഗ്രൗണ്ടിലേക്ക്. കൊടും ചൂടിലും ആവേശം ഒട്ടും കെട്ടടങ്ങാതെ പതിനായിരങ്ങളാണ് സമ്മേളന സ്ഥലത്തും പുറത്തുമായി അണിനിരന്നത്.

കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ, ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ അദ്ദേഹത്തോടെപ്പമുണ്ടായിരുന്നു. അഞ്ച് വർഷത്തെ അന്യായം നിർത്തലാക്കി ന്യായം ഉറപ്പ് വരുത്താനുള്ള അവസരമാണിത്.
ദാരിദ്രത്തെ അകറ്റാനുള്ള കോൺഗ്രസിന്റെ മിന്നലാക്രമണമാണ് ന്യായ് പദ്ധതി. ശ്രീധന്യയെ പോലെ ആയിരക്കണക്കിന് പേർ ന്യായ് പദ്ധതിയിലൂടെ ഉയർന്ന് വരുമെന്നും ലോകം മുഴുവനും വയനാടിനെ അറിയാൻ പ്രയത്നിക്കുമെന്നും രാഹുൽ ഗാന്ധി ഉറപ്പ് നൽകി.

തുടർന്ന് അടുത്ത വേദിയായ വണ്ടൂരിലേക്ക് ഹെലികോപ്റ്റർ പറന്നുയർന്നു.