യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരായ അധിക്ഷേപ പ്രസംഗം: എ വിജയരാഘവനെതിരെ പ്രതിഷേധം ശക്തം

Jaihind Webdesk
Tuesday, April 2, 2019

Vijayaraghavan-Remya

ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെ അധിക്ഷേപിച്ച എൽ.ഡി.എഫ് കൺവീനർ എ വിജയരാഘവനെതിരെ പ്രതിഷേധം ശക്തം. രമ്യ പി.കെ കുഞ്ഞാലിക്കുട്ടിയെ കാണാൻ പോയിരുന്നു. ആ കുട്ടിയുടെ അവസ്ഥ ഇനി എന്താകുമെന്ന് അറിയില്ലെന്നാണ് വിജയരാഘവൻ പറഞ്ഞത്. പൊന്നാനിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് അധിക്ഷേപം.

മുസ്‌ലിം ലീഗുമായി ബന്ധപ്പെട്ടുള്ള പരാമർശത്തിനിടെയാണ് അധിക്ഷേപം. കോൺഗ്രസ്, ലീഗ് സ്ഥാനാർഥികൾ പാണക്കാട് തങ്ങളെ കാണാൻ നിരനിരയായി വന്നുകൊണ്ടിരിക്കുന്നു. എന്തിനാണ് മുരളീധരൻ അടക്കമുള്ളവർ പ്രചാരണത്തിന് മുൻപ് തങ്ങളെ കാണാൻ എത്തുന്നതെന്ന് വിജയരാഘവൻ പ്രസംഗത്തിനിടെ ചോദിച്ചു. ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർഥി പാണക്കാട് തങ്ങളെ തറവാട്ടിലെത്തി കണ്ടു. അതിന് ശേഷം ആ പെൺകുട്ടി പി.കെ കുഞ്ഞാലിക്കുട്ടിയെ വീട്ടിൽ പോയി കണ്ടു. ആ കുട്ടിയുടെ അവസ്ഥ എന്താണെന്ന് അറിയില്ലെന്നുമായിരുന്നു വിജയരാഘവന്‍റെ വിവാദ പരാമര്‍ശം.

പൊന്നാനിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി പി.വി അൻവറിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു വിജയരാഘവന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. എ വിജയാരാഘവന്‍റെ പ്രസംഗം കഴിഞ്ഞ് മിനിറ്റുകൾക്ക് ശേഷം വേദിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും എത്തി. അധിക്ഷേപ പ്രസംഗത്തിനെതിരെ നിയമപരമായി നീങ്ങാനാണ് യു.ഡി.എഫ് തീരുമാനം.