‘റഫേല്‍ മന്ത്രി’ രാജിവെക്കണമെന്ന് രാഹുല്‍ ഗാന്ധി

Jaihind Webdesk
Thursday, September 20, 2018

റഫേല്‍ വിഷയത്തില്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ‘റഫേല്‍ മന്ത്രി’ രാജിവെക്കണമെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിന്‍റെ മുന്‍ മേധാവിയുടെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് പ്രതിരോധമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.

ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിന്  (HAL) റഫേല്‍ വിമാനങ്ങള്‍ നിര്‍മിക്കാന്‍ കഴിയില്ലെന്നായിരുന്നു നിര്‍മല സീതാരാമന്‍റെ പരാമര്‍ശം. എന്നാല്‍ ഇത് തെറ്റെന്ന് തെളിയിക്കുന്ന വെളിപ്പെടുത്തലാണ് എച്ച്.എ.എല്‍ മേധാവി ടി.എസ് രാജു നടത്തിയത്. എച്ച്.എ.എല്ലിന് റഫേല്‍ വിമാനങ്ങള്‍ സ്വന്തമായി നിര്‍മിക്കാന്‍ കഴിയുമായിരുന്നു എന്ന് മുന്‍ മേധാവി വ്യക്തമാക്കി.

ടി.എസ് രാജുവിന്‍റെ വെളിപ്പെടുത്തലോടെ പ്രതിരോധ മന്ത്രി കളവ് പറയുകയായിരുന്നെന്ന് തെളിഞ്ഞതായി രാഹുല്‍ ഗാന്ധി പറഞ്ഞു. നിര്‍മല സീതാരാമന്‍ പ്രതിരോധമന്ത്രി പദവിയില്‍ തുടരാന്‍ യോഗ്യതയില്ലെന്നും ഉടന്‍ രാജിവെക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.