‘തിരികെവരുമെന്ന് ഞാൻ വാക്കുതന്നതാണ്, പോരാട്ടം തുടരും’; കെജ്‌രിവാളിന്‍റെ ജയില്‍ മോചനം ആഘോഷമാക്കി പ്രവർത്തകർ

Jaihind Webdesk
Friday, May 10, 2024

 

ന്യൂഡല്‍ഹി: മദ്യനയക്കേസിൽ സുപ്രീം കോടതി ഇടക്കാല ജാമ്യം  അനുവദിച്ചതിനു പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങി. വന്‍ വരവേല്‍പ്പാണ് കെജ്‌രിവാളിന് പ്രവർത്തകർ ഒരുക്കിയത്. പ്രവർത്തകർക്കൊപ്പം അൽപദൂരം റോഡ് ഷോ നടത്തിയാണ് കെജ്‌രിവാള്‍ മടങ്ങിവരവ് ആഘോഷിച്ചത്. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത ഇന്ത്യ സഖ്യം കേന്ദ്ര സർക്കാരിന്‍റെ പ്രതികാര രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണെന്നും പ്രതികരിച്ചു.

50 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് അരവിന്ദ് കെജ്‌രിവാള്‍ പുറത്തിറങ്ങുന്നത്. നിങ്ങളുടെ അടുത്തേക്ക് തിരികെയെത്തിയത് ആവേശത്തിലാക്കുന്നുവെന്നും സുപ്രീം കോടതിക്ക് നന്ദിയെന്നും കെജ്‌രിവാള്‍ പ്രതികരിച്ചു. ജയിൽപരിസരത്ത് സംഘടിച്ച ആം ആദ്മി പ്രവർത്തകരെ അഭിസംബോധന ചെയ്ത അദ്ദേഹം, ഏകാധിപത്യത്തിനെതിരേ പോരാടുമെന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം അറിയിച്ചു.

“എത്രയും പെട്ടെന്ന് തിരികെ വരുമെന്ന് ഞാൻ വാക്കുതന്നതാണ്, ഇതാ ഞാൻ ഇവിടെ. ഇത്രയും വലിയൊരു ജനക്കൂട്ടം എന്നെ സ്വീകരിക്കാനെത്തിയതിൽ ഞാൻ എല്ലാവരോടും നന്ദി പറയുന്നു. ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതിയോടും നന്ദി അറിയിക്കുന്നു. ഈ രാജ്യത്തെ സ്വേച്ഛാധിപത്യത്തിൽ നിന്നും രക്ഷിക്കാൻ എനിക്ക് നിങ്ങളുടെ എല്ലാവരുടേയും സഹായം വേണം. ജനാധിപത്യത്തെ വീണ്ടെടുക്കാനുള്ള എന്‍റെ പോരാട്ടം ഞാൻ തുടരുകയാണ്” – കെജ്‌രിവാൾ പ്രവർത്തകരോടായി പറഞ്ഞു.

ജൂണ്‍ 1 വരെ  ഇരുപത്തിയൊന്ന് ദിവസത്തെ ഇടക്കാല ജാമ്യമാണ് കോടതി അരവിന്ദ് കെജ്‌രിവാളിന് അനുവദിച്ചിരിക്കുന്നത്. ജൂൺ 2 ന് തിരികെ കീഴടങ്ങണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം വരുന്ന ജൂണ്‍ 4 വരെ ജാമ്യം നല്‍കണമെന്ന് കെജ്‌രിവാളിന്‍റെ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി ആവശ്യപ്പെട്ടെങ്കിലും ജാമ്യം ഏഴാം ഘട്ട പോളിംഗ് അവസാനിക്കുന്ന ജൂൺ 1 വരെ മതിയാകുമെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. ഇഡിയുടെ ശക്തമായ എതിർപ്പ് തള്ളിയാണ് കോടതി കെജ്‌രിവാളിന് ജാമ്യം നൽകിയത്.