ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണവുമായി മുന്നോട്ടുപോകാന്‍ മന്ത്രിയും എംവിഡിയും; പ്രതിഷേധം തുടരുന്നു, നേരിടാന്‍ പോലീസ്

Jaihind Webdesk
Friday, May 10, 2024

 

തിരുവനന്തപുരം:  ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണവുമായി മുന്നോട്ടു പോകുവാൻ മോട്ടോർ വാഹന വകുപ്പ് . ഇന്ന് മുതൽ ഡ്രൈവിംഗ് ടെസ്റ്റ് പുനഃരാരംഭിക്കാനാണ് വിദേശ യാത്രയിലായ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാ‍ര്‍ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ട് പോലീസ് സംരക്ഷണം ഉറപ്പാക്കാൻ ആ‍ര്‍ടിഒമാര്‍ക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.

ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകർ സ്വന്തം വാഹനവുമായി ഇന്ന് മുതൽ എത്തണമെന്നാണ് നിര്‍ദ്ദേശം. കെഎസ്ആര്‍ടിസിയുടെ സ്ഥലങ്ങൾ ഇന്ന് മുതൽ ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കാനും തീരുമാനമുണ്ട്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നത തല യോഗത്തിലാണ് തീരുമാനം. സിഎല്‍ടിയു ഒഴികെയുള്ള സംഘടനകൾ പ്രതിഷേധം തുടരുകയാണ്. പരിഷ്‌കരിച്ച സര്‍ക്കുലര്‍ പ്രകാരം പരമാവധി 40 പേരെ മാത്രം പങ്കെടുപ്പിച്ച് മാത്രം ഡ്രൈവിംഗ് ടെസ്റ്റ് നടത്താനാണ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ തലത്തിൽ നിന്ന് നൽകിയിരിക്കുന്ന നിര്‍ദേശം. ആദ്യം റോഡ് ടെസ്റ്റ്, പിന്നീട് ഗ്രൗണ്ട് ടെസ്റ്റ് എന്ന രീതി തുടരണമെന്നും പുതിയ ട്രാക്ക് തയാറാവുന്നത് വരെ എച്ച് ട്രാക്കിൽ ടെസ്റ്റ് നടത്തി ലൈസൻസ് അനുവദിക്കണമെന്നുമാണ് നിര്‍ദ്ദേശം.