റഫേലുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ മോഷ്ടിക്കപ്പെട്ടുവെന്ന് കേന്ദ്ര സര്‍ക്കാര്‍

Wednesday, March 6, 2019

Modi-Rafale-1

ന്യൂഡല്‍ഹി: റഫേലുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടുവെന്ന് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍. സര്‍ക്കാരിന്റെ ഗുരുതരമായ സുരക്ഷാവീഴ്ച്ചയെക്കുറിച്ചുള്ള വെളിപ്പെടുത്തലാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. രേഖകള്‍ മോഷ്ടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടക്കുകയാണ് ഇതുമായി ബന്ധപ്പെട്ട് രണ്ടു മാധ്യമപ്രവര്‍ത്തകര്‍ക്കും ഒരു മുതിര്‍ന്ന അഭിഭാഷകനുമെതിരെ ക്രിമിനല്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

അതേസമയം, റഫേല്‍ കേസില്‍ പുതിയ രേഖകള്‍ പരിശോധിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ദ ഹിന്ദു മുന്‍ എഡിറ്റര്‍ എന്‍ റാം നല്‍കിയ കത്ത് പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസിനോട് പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടപ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്. പുനഃപരിശോധന ഹര്‍ജി ആയതിനാല്‍ പഴയ രേഖകള്‍ മാത്രമെ പരിശോധിക്കാനാകൂവെന്നും കോടതി അറിയിച്ചു. ശരിയായ രേഖകള്‍ പരിശോധിച്ചിരുന്നെങ്കില്‍ കേസിലെ വിധി മറ്റൊന്നാകുമായിരുന്നുവെന്നും പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ വാദിച്ചു.